 ബാബു പി. ഗോപാലിന് പത്രാധിപർ സ്മാരക പുരസ്കാരം സമ്മാനിച്ചു

കൊച്ചി: ഏതൊരുവിഷയത്തിലും സത്യത്തിന്റെ പക്ഷത്തുമാത്രം ഉറച്ചുനിൽക്കുകയെന്ന നിലപാടാണ് പത്രാധിപർ കെ.സുകുമാരനെ മാദ്ധ്യമ ലോകത്ത് വ്യത്യസ്തനാക്കിയതെന്ന് കേരളകൗമുദി റീഡേഴ്സ് ക്ലബ് മേഖല പ്രസി‌‌ഡന്റ് അഡ്വ. വക്കം എൻ. വിജയൻ പറഞ്ഞു. പത്രാധിപർ കെ. സുകുമാരന്റെ ചരമവാർഷികദിനത്തോടനുബന്ധിച്ച് കേരളകൗമുദി കൊച്ചി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിഗണനയിൽ വരുന്ന വിഷയം എത്രപേരെ ബാധിക്കുന്നുവെന്നതല്ല, അതിലെ നീതിനിഷേധത്തിനെതിരെ പ്രതികരിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കുമാരപിള്ള കമ്മീഷൻ ശുപാർശപ്രകാരം പിന്നാക്ക സമുദായങ്ങൾക്ക് അർഹമായ ആനുകൂല്യം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിഷേധിച്ചതിനെതിരെ 1967ൽ നടന്ന വിദ്യാർത്ഥിസമരം പരിപൂർണ വിജയത്തിലെത്തിയത് പത്രാധിപർ കെ. സുകുമാരന്റെയും കേരളകൗമുദിയുടെയും ഇടപെടലിലൂടെയായിരുന്നു. അന്ന് എം.എ.വിദ്യാർത്ഥിയായിരുന്ന താൻ എഴുതിക്കൊടുത്ത കുറിപ്പ് എഡിറ്റർക്കുള്ള കത്ത് എന്ന പേരിൽ പിറ്റേദിവസത്തെ കേരളകൗമുദിയിൽ അച്ചടിച്ചുവന്നു. അതോടെ ആളിക്കത്തിയ സമരത്തിനുമുമ്പിൽ വൈസ് ചാൻസലർ കീഴടങ്ങി. കത്തുമായി കേരളകൗമുദി ഓഫീസിൽ പോയപ്പോഴാണ് പത്രാധിപരെ ആദ്യമായി കാണുന്നത്. അന്നുതുടങ്ങിയ സൗഹൃദം അദ്ദേഹത്തിന്റെ മരണവരെ നേരിട്ടും കാലശേഷം മരിക്കാത്ത ഓർമയായും മനസിൽ സൂക്ഷിക്കുകയാണെന്നും അഡ്വ. വക്കം. എൻ. വിജയൻ അനുസ്മരിച്ചു.

രാമവർമക്ലബ് ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ കേരളകൗമുദി യൂണിറ്റ് ചീഫ് പ്രഭൂവാര്യർ അദ്ധ്യക്ഷത വഹിച്ചു. പത്രാധിപരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രാദേശിക പത്രപ്രവർത്തകർക്കുള്ള അവാർഡ് കേരളകൗമുദി കോലഞ്ചേരി ലേഖകൻ ബാബു പി. ഗോപാലിന് അഡ്വ. വക്കം എൻ. വിജയൻ സമ്മാനിച്ചു. ഡോ. അമൽ സി. രാജൻ പത്രാധിപർ അനുസ്മരണപ്രഭാഷണം നടത്തി. ഡി.ജി.എം റോയി ജോൺ, ബാബു. പി. ഗോപാൽ എന്നിവർ സംസാരിച്ചു. കേരളകൗമുദി ന്യൂസ് എഡിറ്റർ ടി.കെ. സുനിൽ കുമാർ സ്വാഗതവും സർക്കുലേഷൻ മാനേജർ സി.വി. മിത്രൻ നന്ദിയും പറഞ്ഞു.