നെടുമ്പാശേരി: ലക്ഷങ്ങൾ മുടക്കി എസ്.സി വിഭാഗങ്ങൾക്ക് നൽകാൻ വാങ്ങിയ കട്ടിലും വിദ്യാർത്ഥികൾക്കായുള്ള മേശകളും കസേരകളും വെറുതെ കിടന്ന് നശിക്കുന്നു. പാറക്കടവ് ഗ്രാമപഞ്ചായത്തിലാണ് അധികൃതരുടെയും ജനപ്രതപ്രതിനിധകളുടെയും ഈ അനാസ്ഥ. യഥാസമയം ഇവ വിതരണം ചെയ്യാത്തതാണ് നശിക്കാൻ കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
പഞ്ചായത്തിലെ 74 വയോജനങ്ങൾക്കാണ് കട്ടിൽ നൽകാനാണ് തീരുമാനിച്ചിരുന്നത്. ഒരു മാസം മുമ്പ് 26 എണ്ണം വിതരണം ചെയ്തു. രേഖകൾ പൂർണമല്ലെന്ന് പറഞ്ഞ് ബാക്കിയുള്ളവ കുറുമശേരി കമ്യൂണിറ്റി ഹാളിലേക്ക് മാറ്റി. ചോർന്നൊലിക്കുന്ന കമ്മ്യൂണിറ്റി ഹാളിൽ ഇവയെല്ലാം കിടന്ന് നശിക്കുകയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. രണ്ടര ലക്ഷം രൂപയോളം ചെലവഴിച്ച് 49 കുട്ടികൾക്ക് നൽകാനാണ് പഠനോപകരണമെന്ന നിലയിൽ മേശയും കസേരകളും വാങ്ങിയത്. ഇവയും കരാറുകാരൻ പഞ്ചായത്തിൽ എത്തിച്ചിട്ട് മാസങ്ങളായി.
എന്നാൽ ഇതും വിതരണം ചെയ്യുന്നതിന് ഭരണസമിതി താത്പര്യം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം. പഞ്ചായത്ത് അധികാരികൾ എസ്.സി വിഭാഗത്തോട് കാണിക്കുന്ന അവഗണനക്കെതിരെ പഞ്ചായത്തിലെ എസ്.സി വിഭാഗത്തെ പ്രതിനിധികരിക്കുന്ന കോൺഗ്രസ് അംഗങ്ങളായ രാജമ്മ വാസുദേവന്റെയും, രജനി ഉണ്ണിയുടെയും നേത്രത്വത്തിൽ പരാതി നൽകിയിരുന്നു. തുടർന്ന് പ്രതിഷേധ യോഗത്തിൽ സി.പി. ദേവസി, രാജമ്മ വാസുദേവൻ, രജനി ഉണ്ണി, സജിത വിജയകുമാർ, ബീന രവി, ഡിയ മാർട്ടിൻ തുടങ്ങിയവർ പ്രസംഗിച്ചു.
കമ്മ്യൂണിറ്റി ഹാളിൽ കൂട്ടിയിട്ടിരിക്കുന്ന മേശകളും കട്ടിലുകളും തുറന്ന് കാണിക്കണമെന്ന് എസ്.സി വിഭാഗം പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞയാഴ്ച്ച കാണിച്ചിരുന്നു. അപ്പോഴാണ് ഇവയുടെ ഗുണനിലവാരമില്ലാത്തതാണെന്ന് വ്യക്തമായത്.
രാജമ്മ വാസുദേവൻ
കോൺഗ്രസ് അംഗം
വിതരണത്തിനുള്ള തീയതി ഇന്ന് തീരുമാനിക്കും
എസ്.സി വിഭാഗക്കാർക്കായുള്ള പഠനോപകരണം, കട്ടിൽ എന്നിവയുടെ വിതരണ തീയതി ഇന്ന് തീരുമാനിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ അറിയിച്ചു. എസ്.സി വിഭാഗക്കാരായ പഞ്ചായത്ത് അംഗങ്ങളുടെയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരുടെയും യോഗം ഇന്ന് രാവിലെ 11ന് വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ വിതരണ തീയതി തീരുമാനിക്കുക. നേരത്തെ കട്ടിൽ വിതരണം ആരംഭിച്ചതാണ്. രേഖകൾ പൂർണമല്ലാത്തതിനാൽ കുറെ വിതരണം ചെയ്യാനായില്ല. പിന്നീട് കൊവിഡ് പ്രതിസന്ധിയുണ്ടായതിനാലാണ് താമസിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.