കൊച്ചി: തോപ്പുംപടി ഹാർബർ പാലത്തിന്റെ മദ്ധ്യഭാഗത്തുള്ള കോൺക്രീറ്റ് തകർന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനിയർക്കാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയത്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
ഇരുമ്പുഷീറ്റുകൾ ബലപ്പെടുത്തുന്നതിനായി ചെയ്ത കോൺക്രീറ്റാണ് ഇളകിയത്. ഇവിടെ കുഴികൾ രൂപപ്പെട്ടു. ഇരുചക്ര - മുച്ചക്ര വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിൽ ഗതാഗതക്കുരുക്ക് പതിവാണ്. പുതിയ ബി.ഒ.ടി പാലം നിർമ്മിച്ചെങ്കിലും ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, കണ്ണമാലി പ്രദേശത്തുകാർ ആശ്രയിക്കുന്നത് ഹാർബർ പാലത്തെയാണെന്ന് നഗരസഭാ കൗൺസിലറും മനുഷ്യാവകാശ പ്രവർത്തകനുമായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിൽ പറയുന്നു. പശ്ചിമകൊച്ചിയിലെ ചരിത്ര പ്രാധാന്യമുള്ള ഹാർബർ പാലം അറകുറ്റപ്പണി ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം.