ആലുവ: ബി.ഡി.എസ് വിദ്യാർത്ഥിനി വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ യുവാവ് പൊലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയോടി ആത്മഹത്യക്ക് ശ്രമിച്ചു. ഏറെ നേരത്തിന് ശേഷം യുവാവിനെ മാതാപിതാക്കൾ അനുനയിപ്പിച്ച് പിന്തിരിപ്പിച്ചു.
പാലക്കാട് സ്വദേശിയായ നാഗരാജ് (30)ആണ് ഇന്നലെ രാവിലെ 11 മണിയോടെ പൊലീസിനെയും നാട്ടുകാരെയും ഭീതിയിലാക്കിയത്.
പാലക്കാട് സ്വദേശിനിയായ യുവതി ബി.ഡി.എസ് പഠനവുമായി ബന്ധപ്പെട്ട് ആലുവയിലാണ് മാതാവിനൊപ്പം വാടകക്ക് താമസിക്കുന്നത്. യുവതിയുടെ പിതാവ് മാതാവുമായി വഴക്കിട്ട് പാലക്കാട് തന്നെയാണ് താമസം. മൂന്ന് വർഷം മുമ്പ് യുവതിയുടെ പിതാവ് മുഖേന നാഗരാജുമായി വിവാഹാലോചന നടത്തി. ഇതേതുടർന്ന് ഇരുവരും തമ്മിൽ സൗഹൃദത്തിലായെങ്കിലും യുവാവിന്റെ സ്വഭാവത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് യുവതി പിന്മാറി.
ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ യുവതിയെ അധിക്ഷേപിച്ച് ഇയാൾ പോസ്റ്റിട്ടു. ഇതിനെതിരെ യുവതി ആലുവ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് നാഗരാജിനെ ഇന്നലെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. സി.ഐ എൻ. സുരേഷ് കുമാർ ഇരുവരുടെയും കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് ഇയാൾ ഇങ്ങിയോടിയത്. നഗരസഭ ഗ്രൗണ്ടിലേക്ക് ഓടിയ യുവാവ് ഗ്രൗണ്ടിലുള്ള കെട്ടിടത്തിന്റെ മുകളിലെ വാട്ടർ ടാങ്കിൽ കയറിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. പിന്നീട് ഇയാളുടെ മാതാപിതാക്കൾ തന്നെ അനുനയിപ്പിച്ച് ഇറക്കുകയായിരുന്നു. ഇപ്പോൾ ബിസിനസ് ചെയ്യുകയാണെന്നും സിവിൽ സർവീസിന് പഠിക്കുന്നുണ്ടെന്നുമാണ് യുവാവ് പറയുന്നത്. ഇരുവരുടെയും വീട്ടുകാർക്ക് പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.