കൊച്ചി: പത്രാധിപർ കെ. സുകുമാരൻ ജീവിച്ചിരുന്നുവെങ്കിൽ ഈ രാജ്യത്ത് സവർണ സാമ്പത്തിക സംവരണമെന്ന ആശയം യാഥാർത്ഥ്യമാകുമായിരുന്നില്ലെന്ന് സാമൂഹ്യനിരീക്ഷകൻ ഡോ. അമൽ സി. രാജ് പറഞ്ഞു.

പത്രാധിപരുടെ 39 ാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കേരളകൗമുദി കൊച്ചി യൂണിറ്റ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മാവിലായിലെ ചെത്തുകാരൻ പോക്കന്റെ കുടിലിൽ രണ്ടുവർഷം സുരക്ഷിതനായി ഒളിവിൽ കഴിഞ്ഞ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് പിന്നീട് മുഖ്യമന്ത്രിയായപ്പോൾ പാവപ്പെട്ട പോക്കനെ മറന്നുപോയി. ചെത്തുകാരും കർഷകതൊഴിലാളികളുമൊക്കെയായ പിന്നാക്ക സമുദായത്തിന് അർഹമായ സംവരണം അട്ടിമറിക്കാനായിരുന്നു ഇ.എം.എസ്. ശ്രമിച്ചത്. അന്ന് പത്രാധിപർ കെ. സുകുമാരൻ അവസരോചിതമായി ഇടപെട്ടതുകൊണ്ടുമാത്രമാണ് സർക്കാർ പിന്മാറിയത്. പക്ഷേ അന്ന് ഇ.എം.എസ് തുടങ്ങിവച്ച സംവരണവിരുദ്ധതയാണ് ഇന്ന് പിണറായി വിജയൻ നടപ്പിലാക്കിയത്. ആദ്യം ദേവസ്വം ബോർഡ് നിയമനങ്ങളിൽ 10 ശതമാനം മുന്നാക്ക സംവരണം കൊണ്ടുവന്നു. അന്നും കേരളകൗമുദി മാത്രമാണ് അതിനെതിരെ രംഗത്തുവന്നത്. ലക്ഷക്കണക്കിനുവരുന്ന പിന്നാക്കസമുദായക്കാരെ ബാധിക്കുന്ന നഗ്നമായ നീതിനിഷേധത്തിനെതിരെ പ്രതികരിക്കാൻ മറ്റൊരുപത്രവും പത്രാധിപരുമില്ലെന്ന യാഥാർത്ഥ്യമാണ് കെ.സുകുമാരന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നത്.

സംസ്ഥാനത്തെ മുന്നാക്കക്കാരിൽ എത്ര പിന്നാക്കക്കാരുണ്ടെന്നുപോലും പരിശോധിക്കാതെയാണ് 10 ശതമാനം സംവരണം നടപ്പിലാക്കാൻ തീരുമാനിച്ചത്. ഹയർസെക്കൻഡറി പ്രവേശനത്തിന് മുന്നോക്കസമുദായത്തിലെ പിന്നാക്കക്കാർക്കുവേണ്ടി ഒഴിച്ചിട്ട സീറ്റുകളിൽ മതിയായ അപേക്ഷകർ ഉണ്ടായില്ലെന്നതാണ് വസ്തുത.

പുതുതലമുറയിലെ പത്രപ്രവർത്തകർ കെ. സുകുമാരനിൽ നിന്ന് പലതും പഠിക്കേണ്ടതുണ്ട്. നിലപാടുകളിൽ വിയോജിക്കുമ്പോഴും എതിരാളികളുടെ മനസ് നോവിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ശ്രീനാരായണധർമത്തിൽ അടിയുറച്ചതായിരുന്നു പത്രാധിപരുടെ നിലപാട്. അതുകൊണ്ടാണ് ജാതിനിർമാർജനത്തിനുവേണ്ടി ശക്തിയോടെ വാദിക്കുന്ന കേരളത്തിലെ ഏകപത്രമായി കേരളകൗമുദി എന്നും നിലനിൽക്കുന്നത് ശ്രീനാരായണഗുരുവിന്റെ പേരിൽ ഓപ്പൺ സർവകലാശാല തുടങ്ങാനുള്ള സർക്കാർ തീരുമാനം സദ്ദുദ്ദേശപരമല്ലെന്നും ഡോ. അമൽ സി. രാജൻ പറഞ്ഞു.