കൊച്ചി: കൊവിഡ് മൂലം രാജ്യത്ത് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് ചെറുകിട വ്യാപാര വ്യവസായ സമൂഹമാണെന്നും എന്നാൽ യാതൊരുവിധ പാക്കേജുകളും ലഭിക്കാത്തത് ഇവർക്കാണെന്നും കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ഭാരവാഹികൾ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പല പ്രാവശ്യം നിവേദനങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. സ്വകാര്യ മേഖലയിൽ നിരവധിപേർക്ക് തൊഴിൽ നൽകുന്ന ചെറുകിട വ്യാപാര വ്യവസായ മേഖലയെ അവഗണിക്കുന്നതിൽ ദുരൂഹതയുണ്ട്. കേന്ദ്രസർക്കാർ രൂപീകരിച്ച ലോൺ മോറട്ടോറിയം സംബന്ധിച്ച വിദഗ്ദ്ധസമിതി മുമ്പാകെ സംഘടന ആവശ്യമായ നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ലോൺ മോറട്ടോറിയം ഒരുവർഷം ദീർഘിപ്പിക്കുന്നതോടൊപ്പം പലിശയ്ക്കും ഒരു വർഷത്തെ മോറട്ടോറിയം നൽകുക, വായ്പകൾക്ക് പ്രത്യേക പുന:ക്രമീകരണം അനുവദിക്കുക, വായ്പ തിരിച്ചടവിന് മൂന്നുമുതൽ ഏഴുവർഷംവരെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.എന്നാൽ യാതൊരുവിധ നടപടികളും ഉണ്ടാകാത്തതിൽ ആശങ്കയുണ്ടെന്ന് പ്രസിഡന്റ് ജി. കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം. വിപിനും പറഞ്ഞു.