കൊച്ചി : ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ നിർദ്ദേശമനുസരിച്ച് കൊച്ചി നഗരസഭയുടെ ധനസ്ഥിതി അവലോകനം ചെയ്യുന്നതിനായി ചേർന്ന പ്രത്യേക കൗൺസിൽ യോഗം പ്രഹസനമായെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തനത് വരുമാനം വർദ്ധിപ്പിക്കൽ, ചെലവ് കാര്യക്ഷമമാക്കൽ, വീകേന്ദ്രീകൃത പ്രക്രിയ ഫലപ്രദമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശം തേടിയാണ് യോഗം ചേർന്നത്. എന്നാൽ ചർച്ച ചെയ്യപ്പെടേണ്ട വിവിധ മേഖലകളെ സംബന്ധിച്ച് കരട് നിർദേശങ്ങൾ തയ്യാറാക്കിയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി പറഞ്ഞു.

പ്രധാന വരുമാനമാർഗമായ കെട്ടിട നികുതിയിനത്തിൽ ലഭിക്കേണ്ട തുക കൃത്യമായി ലഭിക്കുന്നില്ല. കെട്ടിടങ്ങളടെ അസസ്‌മെന്റ് പൂർത്തീകരിക്കാത്തതും പിരിവിൽ ഉണ്ടാകുന്ന ചോർച്ചയുമാണ് വരുമാനം നഷ്ടപ്പെടുത്തുന്നത്. നഗരത്തിലുള്ള അനധികൃത കെട്ടിടങ്ങൾ കണ്ടെത്തി കെട്ടിടനമ്പർ നൽകി നികുതി പിരിക്കണം.

ആറ് മാസത്തിൽ 60 ദിവസം നഗരാതിർത്തിയിൽ ജോലിചെയ്താൽ തൊഴിൽകരം നൽകണമെന്നതാണ് നിയമം. എന്നാൽ ഓരോവർഷവും തൊഴിൽകരം ഗണ്യമായി കുറയുന്നു. നിലവിലുള്ള തൊഴിൽകരം കൃത്യമായി പിരിച്ചെടുക്കുന്ന കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് എൽ.ഡി..എഫ് പാർലിമെന്ററി സെക്രട്ടറി വി.പി.ചന്ദ്രൻ പറഞ്ഞു.

നികുതി പിരിവ് ഉൗർജിതമാക്കുന്നതിനായി കൂടുതൽ ബിൽ കളക്ടർമാരെ നിയമിക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്തതായി ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ പറഞ്ഞു. ജനനമരണ സർട്ടിഫിക്കറ്റുകളുടെ അഡീഷണൽ കോപ്പി നൽകുന്നതിന് കൂടുതൽ നിരക്ക് ഈടാക്കാൻ അനുവദിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.