പള്ളുരുത്തി: പ്രതീക്ഷയുടെ വലയുമായി വേമ്പനാട്ട് കായലിൽ ഇറങ്ങിയ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കുരുക്കി പോളപ്പായൽ. കൊവിഡും ലോക്ക്ഡൗണും മോശം കാലാവസ്ഥയും സൃഷ്ടിച്ച പ്രതിസന്ധിച്ചുഴിയിൽ നിന്ന് കരകയറാൻ കാത്തിരുന്ന സമയത്താണ് വില്ലനായി പോളപ്പായലിന്റെ വിളയാട്ടം.
ഊന്നിവല, നീട്ട് വല, ചീനവല, കമ്പവല തുടങ്ങിയ മേഖലകളിൽ ജോലി എടുക്കുന്നവരാണ് പട്ടിണിയിലായത്. കായലിന്റെ കോട്ടയം ഭാഗങ്ങളിൽ നിന്നാണ് പോള പായൽ വൻതോതിൽ എത്തുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
പരമ്പരാഗത തൊഴിലാളികൾ കൂടുതലായി തൊഴിലെടുക്കുന്ന പെരുമ്പടപ്പ്, കുമ്പളങ്ങി, ഇടക്കൊച്ചി, കുമ്പളം, അരൂർ, പള്ളുരുത്തി കോണം ഭാഗങ്ങളിലാണ് കൂടുതൽ പ്രതിസന്ധി. കായലിൽ ഉപ്പ് സാന്നിധ്യം കൂടിയാൽ മാത്രമേ പോള പായൽ ശനിക്കുകയുള്ളൂ. കയലിൽ നിന്ന് പോളപ്പായ നീക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.