കൊച്ചി: കൊവിഡിന്റെ യാഥാർത്ഥ്യം അംഗീകരിക്കുകയും അത് സൃഷ്ടിക്കുന്ന ദുരിതങ്ങളേക്കാൾ നന്മകളെ സ്വീകരിക്കുകയും ചെയ്താൽ പ്രതിസന്ധികളെ വേഗത്തിൽ തരണം ചെയ്യാനാവുമെന്ന് ഇസാഫ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ.പോൾ തോമസ് പറഞ്ഞു.
കേരള മാനേജ്മെന്റ് അസോസിയേഷൻ ലീഡർ ടോക്ക് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ടുനിരോധനത്തോടെ പല കാര്യങ്ങളും ഡിജിറ്റൽ ആകാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും കൊവിഡ് വ്യാപിച്ചതോടെയാണ് സാമ്പത്തിക ഇടപാടുകളെല്ലാം ഡിജിറ്റലാവാനും എല്ലാവരും അക്കാര്യങ്ങൾ കൂടുതൽ പഠിക്കാനും ഇടവന്നത്.
നല്ലമൂല്യങ്ങളും വിശ്വാസങ്ങളുമുള്ളവർക്ക് വേഗത്തിൽ കൊവിഡ് സാഹചര്യത്തെ കടന്നുപോകാൻ സാധിക്കും. സമൂഹത്തെ ശാക്തീകരിക്കുന്നതിലൂടെ മാത്രമേ വികസനം സാധ്യമാകുകയുള്ളു. ഇന്ത്യയിലാകമാനം 75 ദശലക്ഷം മൈക്രോ സ്മാൾ ആന്റ് മീഡിയം സംരംഭകരാണുള്ളത്. അതുകൊണ്ടാണ് ഏതുസർക്കാർ വന്നാലും ചെറുകിട സംരംഭകർക്ക് ആവശ്യമായ സഹായനടപടികൾ സ്വീകരിക്കുന്നത്. മാത്രമല്ല ഇന്ത്യയിലെ തൊഴിൽ ദാതാക്കളിൽ 30 മുതൽ 35 ശതമാനം വരെ ചെറുകിട സ്ഥാപനങ്ങളാണ്. ഭരണകൂടങ്ങൾ മാത്രമല്ല ബാങ്കുകളും ചെറുകിട ഇടത്തരം സംരംഭകർക്ക് വലിയ പിന്തുണയാണ് നല്കുന്നത്. ഇന്ത്യൻ ബാങ്കുകളിൽ ഭൂരിപക്ഷവും ഇത്തരം ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ നടത്തിപ്പിലൂടെയാണ് മുമ്പോട്ടു പോകുന്നത്. അതുകൊണ്ടുതന്നെ ചെറുകിട- ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് ആവശ്യം.
വാക്സിൻ കണ്ടെത്തിയാൽ പോലും കൊവിഡ് പ്രതിസന്ധികൾ അവസാനിക്കാൻ ഏറ്റവും ചുരുങ്ങിയത് രണ്ടുവർഷമെങ്കിലും സമയമെടുക്കും. അതുകൊണ്ടുതന്നെ യാഥാർഥ്യത്തെ അംഗീകരിക്കുകയും സാഹചര്യങ്ങൾക്ക് അനുസരിച്ച് കാര്യങ്ങളെയെല്ലാം റീചാർജ് ചെയ്യണം. കൊവിഡ് സാഹചര്യം 25 മുതൽ 35 ശതമാനം വരെ ചെറുകിട ഇടത്തരം സംരംഭങ്ങളെ മോശമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഇവയ്ക്കെല്ലാം തിരികെ വരാനാവുമെന്ന ശുഭപ്രതീക്ഷയാണുള്ളത്. അദ്ദേഹം പറഞ്ഞു.
കേരള മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ജിബു പോൾ അദ്ധ്യക്ഷത വഹിച്ചു. കെ.എം.എ സീനിയർ വൈസ് പ്രസിഡന്റ് മാധവ് ചന്ദ്രൻ, ഓണററി സെക്രട്ടറി ബിബു പുന്നൂരാൻ, മുൻ പ്രസിഡന്റ് എസ്. രാജ്മോഹൻ നായർ തുടങ്ങിയവർ സംസാരിച്ചു.