തോപ്പുംപടി: കൊച്ചിയുടെ ചരിത്ര പ്രതീകമായ ഹാർബർപാലം നാശത്തിലേക്ക് കുതിക്കുന്നു. പാലത്തിന്റെ മദ്ധ്യഭാഗത്ത് വലിയ കുഴികളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബി.ഒ.ടി പാലം തുറന്നതോടെ ബൈക്കുകളും കാറുകളും മാത്രമാണ് ഇതുവഴി സഞ്ചരിക്കുന്നത്. മഴവെള്ളം കുഴികളിൽ കെട്ടിക്കിടക്കുന്നത് പലപ്പോഴും അപകടത്തിലാണ് കലാശിക്കുന്നത്. അധികാരികൾ പാലം കൈയൊഴിഞ്ഞ മട്ടാണ്. പാലത്തിന്റെ ഇരുവശവും പച്ചപടർന്ന് പിടിച്ചിരിക്കുകയാണ്.
പാലത്തിലൂടെ കടന്നുപോകുന്ന കുടിവെള്ള പൈപ്പ് രണ്ടിടങ്ങളിൽ പൊട്ടി വെള്ളം മാസങ്ങളായി പാഴായിട്ടും അധികാരികൾക്ക് അനക്കമില്ല. പാലത്തിന്റെ മദ്ധ്യഭാഗത്ത് ആദ്യം ഉണ്ടായിരുന്ന പലക എടുത്ത് മാറ്റി ആ ഭാഗം ടാർ ചെയ്തിരിക്കുകയാണ്.
# അനാഥമായ പാലം
മുൻകാലങ്ങളിൽ കൃത്യമായ സമയങ്ങളിൽ കുഴികൾ അടച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി പാലം അനാഥമായി കിടക്കുകയാണ്. പാലത്തിൽ കൊണ്ടുവന്ന് പുഴയിലേക്ക് തള്ളുന്ന അറവ് മാലിന്യങ്ങളുടെ അവശിഷ്ടങ്ങളും പാലത്തിൽ കാണാം. ഇവ ചീഞ്ഞ് ദുർഗന്ധവും പരത്തുന്നു. പാലം ചരിത്ര സ്മാരകമാക്കി സംരക്ഷിക്കുമെന്ന് എം.പിയും എം.എൽ.എമാരും ഇടയ്ക്കിടെ നാട്ടുകാരെ ഓർമ്മിപ്പിക്കും. തുടർനടപടിയൊന്നും ഉണ്ടാകില്ലെന്ന് മാത്രം.
കൊവിഡുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലിൽ കഴിഞ്ഞ ഒരു മാസം പാലത്തിൽ ആർക്കും പ്രവേശനം ഇല്ലായിരുന്നു. പിന്നീട് ബി.ഒ.ടി പാലത്തിൽ തിരക്ക് വർദ്ധിച്ചപ്പോഴാണ് വീണ്ടും തുറന്നുകൊടുത്തത്. വലിയ വാഹനങ്ങൾ കയറാതിരിക്കാൻ പാലത്തിന്റെ രണ്ട് വശങ്ങളിലും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർന്ന നിലയിലാണ്.