teashop
മോഹനൻ ചായ അടിക്കുന്നു

മൂവാറ്റുപുഴ: മൂന്നാം തലമുറയിലെ മോഹനന്റെ ചായക്കട മുപ്പത്തിമൂന്ന് വർഷം പിന്നിടുന്നു. മൂന്നു തലമുറ പിന്നിട്ട ചായക്കടയാണ് കൊച്ചി - ധനുഷ് കോടി ദേശീയ പാതയിൽ കടാതി പാലത്തിന് സമീപം പ്രവർത്തിക്കുന്നത്. ഇപ്പോൾ ചായക്കട നടത്തുന്ന മോഹനൻ കോതമംഗലം തട്ടേക്കാടുക്കാരനാണ്. 65 വയസ് പിന്നിട്ട മോഹനൻ രാവിലെ 4ന് തുറക്കുന്ന കട രാത്രിയാണ് അടയ്ക്കുന്നത്. വീടുകളിൽ നിന്ന് നേരിട്ട് വാങ്ങുന്ന മുട്ടകളാണ് മുട്ടകറിക്ക് ഉപയോഗിക്കുന്നത്. ഉച്ചകഴിഞ്ഞ് ഉണ്ടാക്കുന്ന പപ്പടവടയും കപ്പവറുത്തതും ബോളിയുമാണ് പലഹാരങ്ങൾ. ഇതെല്ലാം വറുക്കുന്നത് തനി നാടൻ വെളിച്ചണ്ണയിലാണ്. ഇതിന്റെ രുചി അറിഞ്ഞവരെല്ലാ മക്കനാകുഴി മോഹനന്റെ ചായകടയിലെത്തും. പാർസൽ വാങ്ങുവാൻ നിരവധിപേരാണ്. വാഹന സഞ്ചാരികളുടെ ഇഷ്ടകടയാണിത്. വാളകം പഞ്ചായത്തും, മൂവാറ്റുപുഴ നഗരസഭയും സന്ധിക്കുന്ന കടാതിയിലാണ് മക്കനാകുഴി ടീഷോപ്പെന്നതനാൽ നഗരവാസികളും ഗ്രാമ വാസികളും ഒത്തുചേരുന്നതും ഇവിടെയാണ്. മോഹനനെ സഹായിക്കുവാൻ ഭാര്യ വത്സല കൂടെയുണ്ട്. മോഹനൻ 20-ാം വയസിൽ തുടങ്ങിയതാണ് ചായ കൂട്ട്. നാട്ടിലെ ക്ഷീരകർഷകരിൽ നിന്നും നേരിട്ട് വാങ്ങുന്ന മായം കലരാത്ത പാൽ കൊണ്ട് തയ്യാറാക്കിനൽകുന്ന ചായയുടെ രുചി അറിഞ്ഞ വിദേശികളും ദീർഘദൂര യാത്രക്കാരും വിനോദസഞ്ചാരികളും കടാതി പാലത്തിനു സമീപമെത്തുമ്പോൾ മക്കനാ കുഴി ടിഷോപ്പിലെത്തി മോഹന്റെ ചായ കുടിച്ച് യാത്ര തുടരന്ന കാഴ്ച ഇൗ കൊവിഡ് കാലത്തും കാണാൻ കഴിയും.

മൂന്ന് തലമുറയിലെ ചായക്കട

വത്സലയുടെ അച്ഛനപ്പൂപ്പൻമാരായി തുടങ്ങിയ കടയാണിത്. പഴമയും തനിമയും നഷ്ടപ്പെടാതെ തനി നാടൻ രീതിയിൽ തന്നെ തുടരുന്ന മക്കനാകുഴി ടീഷോപ്പ് അടുത്ത തലമുറയെ ഏല്പിക്കണമെന്നാണ് വത്സല പറയുന്നത്. എന്നാൽ ഇവരുടെ മക്കൾ ദീപുവും , ദിപിനും ഇവരുടെ ആഗ്രഹത്തിനൊത്ത് മുന്നോട്ട് വരുന്നില്ലെന്ന പരാതിയും ഉണ്ട്.

മായമില്ലാത്ത ഭക്ഷണം

മക്കനാകുഴിയുടെ ചായ , പുട്ട്, പയർ, പപ്പടം, അപ്പം മുട്ടക്കറി എന്നിവ പ്രസിദ്ധമാണ്. ഇവിടത്തെ പഴത്തിനുമുണ്ട് പ്രത്യേകത. പുട്ടിനും അപ്പത്തിനുമുള്ള അരി കഴുകി വൃദ്ധിയാക്കുന്നതും പൊടിപ്പിച്ച് വറുക്കുന്നതും ഇവർതന്നെയാണ്. ഇല്ലികുമ്പത്തിലാണ് പുട്ട് ചുടുന്നത്. പയർ , പപ്പടം എല്ലാ സ്വന്തമായി ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയിലാണ് പാചകം ചെയ്യുന്നത്.