തൃക്കാക്കര : മെട്രോറെയിൽ കാക്കനാട്ടേക്ക് നീട്ടാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് മെട്രോ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മെട്രോ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. വാഴക്കാലയിൽ നടന്ന ധർണ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ ടി.ബി. നാസർ ഉൽഘാടനം ചെയ്തു. മെട്രോ ആക്ഷൻ സമിതി സെക്രട്ടറി പ്രദീപ് രാമാനന്ദ് അദ്ധ്യക്ഷത വഹിച്ചു.

മെട്രോ കാക്കനാട്ടേയ്ക്ക് നീട്ടുമ്പോൾ 6 വീടുകളും 45 കെട്ടിടങ്ങൾ പൂർണമായും 275 കെട്ടിടങ്ങൾ ഭാഗികമായും പൊളിച്ചു മാറ്റേണ്ടിവരും. നാമമാത്രമായ പുനരധിവാസ പാക്കേജാണ് സർക്കാർ നൽകിയിരിക്കുന്നത്. ഇതിനെതിരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കൊച്ചി മെട്രോ റെയിൽ ആക്ഷൻ സമിതി മുന്നറിയിപ്പ് നൽകി. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ. വ്യാപാരി വ്യവസായി ഏകോപന സമിതി വാഴക്കാല യൂണിറ്റ് സെക്രട്ടറി റാഫി ആലപ്പാട്ട്, തൃക്കാക്കര റെസിഡൻസ് അസോസിയേഷൻ അപ്പക്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ ടി .കെ. മുഹമ്മദ്‌, കാക്കനാട് യൂണിറ്റ് പ്രസിഡന്റ്‌ അസീസ് മൂലയിൽ, മുരളി എന്നിവർ പ്രസംഗിച്ചു.