കൊച്ചി: സംസ്ഥാനാന്തര യാത്രകൾക്ക് കേരള സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം പാലിക്കണമെന്നുമാവശ്യപ്പെടുന്ന ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. തിരുവനന്തപുരം മുട്ടട സ്വദേശിയും ഒരു ലോജിസ്റ്റിക് കമ്പനിയുടെ ജനറൽ മാനേജരുമായ നിഷിൻ നൈനാൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ബിസിനസ് ആവശ്യങ്ങൾക്ക് അന്യസംസ്ഥാനത്തേക്ക് ഹ്രസ്വസന്ദർശനം നടത്തി മടങ്ങിയാൽപോലും 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും പരിശോധന നടത്തണമെന്നും സംസ്ഥാന സർക്കാരിന്റെ മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. എന്നാൽ അന്തർ സംസ്ഥാന യാത്രകൾക്കും സംസ്ഥാനത്തിനകത്തെ യാത്രകൾക്കും നിയന്ത്രണങ്ങൾ പാടില്ലെന്നാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ള കൊവിഡ് പ്രോട്ടോക്കോളിൽ പറയുന്നതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ആഗസ്റ്റ് 27ലെ ഉത്തരവിലൂടെ സംസ്ഥാന സർക്കാർ ചില വിഭാഗങ്ങളെ ഇത്തരം ക്വാറന്റൈനിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതു വിവേചനപരമാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.
സംസ്ഥാനാന്തര യാത്രകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുക, അത്യാവശ്യ കാര്യങ്ങൾക്കായി ഹ്രസ്വസന്ദർശനം നടത്തി മടങ്ങുന്നവരെ ക്വാറന്റൈൻ വ്യവസ്ഥയിൽനിന്ന് ഒഴിവാക്കുക, കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി കേന്ദ്രസർക്കാർ നൽകുന്ന നിർദേശങ്ങൾ മാത്രം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിക്കാരൻ ഉന്നയിച്ചിട്ടുള്ളത്.