കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്ളാന്റ് നിർമ്മിക്കുന്നതിന് രണ്ടു കൺസോർഷ്യം രംഗത്ത്. ആദ്യഘട്ടത്തിൽ എട്ടുകമ്പനികൾ മുന്നോട്ടുവന്നെങ്കിലും അന്തിമബിഡിൽ പങ്കെടുത്തത് വിദേശകമ്പനികളുടെ പങ്കാളിത്തത്തോടെയുള്ള രണ്ട് കൺസോർഷ്യമാണ്. ഇവർ സമർപ്പിച്ച ബിഡുകളുടെ പരിശോധന അടുത്തമാസം നടക്കും.

# കമ്പനികൾ ഇവരൊക്കെ

ബംഗളൂരു ആസ്ഥാനമായ സോൺറ്റ ഇൻഫ്രാടെക്, ജർമ്മനിയിലെ ബാവ്ർ, ചെന്നൈയിൽ നിന്നുള്ള സി.എൻ.ഐ.എം മാർട്ടിൻ എന്നീ കമ്പനികൾ ചേർന്ന സംരംഭം. കൊച്ചിയിലെ തോലാനി ക്ളീൻ എനർജി പ്രൈവറ്റ് ലിമ്മിറ്റഡ്, ചെന്നൈയിലെ അബാൻ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്, ഗ്രീൻ സോൾ സിസ്റ്റംസ് ബംഗളൂരു, ചൈനയിലെ ഹാങ്സു ബോയിലർ ഗ്രൂപ്പ് കമ്പനി ലിമിറ്റ് എന്നിവ ചേർന്ന സംരംഭമാണ് രണ്ടാമത്തേത്.

# സ്ഥലം പാട്ടത്തിന്

കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കൊല്ലം എന്നീ നഗരങ്ങളിൽ ആധുനികപ്ലാന്റ് നിർമ്മിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയാക്കിയ കെ.എസ്.ഐ.ഡി.സിയാണ് ബ്രഹ്മപുരത്തെ പ്ലാന്റിന്റെ നടത്തിപ്പുകാരെ തിരഞ്ഞെടുക്കുന്നത്. കോർപ്പറേഷന്റെ ബ്രഹ്മപുരം മാലിന്യപ്ളാന്റിനോട് ചേർന്നുള്ള 20 ഏക്കർ സ്ഥലമാണ് കൺസോർഷ്യത്തിന് വിട്ടുകൊടുക്കുന്നത്. നിർമ്മാണത്തിന് 2 വർഷവും പ്രവർത്തനത്തിന് 25 വർഷവും ഉൾപ്പെടെ 27 വർഷത്തേക്കാണ് സ്ഥലംനൽകുന്നത്. കനത്തനിക്ഷേപവും കടുത്തവെല്ലുവിളികളുമുള്ള പദ്ധതിയായതിനാൽ പൊതുവേ വിദേശകമ്പനികളുടെ പങ്കാളിത്തമുള്ള കൺസോർഷ്യങ്ങളാണ് പ്ളാന്റ് നിർമ്മാണം ഏറ്റെടുക്കുന്നത്.

# പ്ളാന്റിന്റെ നടത്തിപ്പ് കരാറുകാരന്

പ്ളാന്റിന്റെ ഡിസൈനും നിർമ്മാണവും നടത്തിപ്പും കരാറുകാരന്റെ ചുമതലയാണ്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങും. പ്ളാന്റിന്റെ പ്രവർത്തനത്തിന് 300ടൺ മാലിന്യം ആവശ്യമാണ്. ഇത് നൽകേണ്ടത് കൊച്ചി കോർപ്പറേഷന്റെ ചുമതലയാണ്.

# മുനിസിപ്പാലിറ്റികളുടെ മാലിന്യം സംസ്കരിക്കും

കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി, ഏലൂർ, മരട്, ആലുവ, പെരുമ്പാവൂർ, അങ്കമാലി, നോർത്ത് പറവൂർ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, കൂത്താട്ടുകുളം എന്നിവിടങ്ങളിലെ മാലിന്യങ്ങൾ പുതിയപ്ളാന്റിൽ സംസ്കരിക്കും.

# പഴയ കരാർ സർക്കാർ റദ്ദാക്കി

ആധുനികപ്ലാന്റ് നിർമിക്കുന്നതിന് യു.കെ ആസ്ഥാനമായ ജി.ജെ ഇക്കോ പവർ കമ്പനിയുമായി ഉണ്ടാക്കിയ കരാർ സംസ്ഥാന സർക്കാർ റദ്ദാക്കിയതിനെ തുടർന്നാണ് പുതിയ പ്ലാന്റിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. കരാർ ഒപ്പുവെച്ച് 180 ദിവസത്തിനുള്ളിൽ സാമ്പത്തികഭദ്രത തെളിയിക്കുന്ന രേഖകൾ കമ്പനി ഹാജരാക്കാമെന്നായിരുന്നു ധാരണ. എന്നാൽ 1400 ദിവസങ്ങൾ കഴിഞ്ഞിട്ടും ഇത് സാധിക്കാതെവന്നതോടെ മേയ് 2ന് സർക്കാർ കരാർ റദ്ദാക്കുകയായിരുന്നു.