നെടുമ്പാശേരി: ലക്ഷങ്ങൾ മുടക്കി എസ്.സി വിഭാഗത്തിലെ വയോജനങ്ങൾക്കായി വാങ്ങിയ കട്ടിലും വിദ്യാർത്ഥികൾക്കായുള്ള മേശകളും കസേരകളും ഗുണമേന്മ പരിശോധിച്ച ശേഷം മാത്രം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്താൽ മതിയെന്ന് തീരുമാനം.കട്ടിലും മേശയും കസേരകളും ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാതെ നശിക്കുന്നതിനെതിരെ പ്രതിപക്ഷം നൽകിയ പരാതിയിൽ ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരുടെയും എസ്.സി വിഭാഗം അംഗങ്ങളുടെയും യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഗുണമേന്മ പരിശോധിച്ച ശേഷം വിതരണം ചെയ്താൽ മതിയെന്ന് തീരുമാനിച്ചത്. ഗുണമേന്മ പരിശോധിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് പ്രസിഡന്റ് ആദ്യം യോജിച്ചില്ലെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോകുൽ ദേവിന്റെ ഇടപെടലിൽ പ്രസിഡന്റ് വഴങ്ങുകയായിരുന്നു.
ഗുണമേന്മയില്ലാത്തവ മാറ്റി കരാറുകാരനിൽ നിന്നും പുതിയത് വാങ്ങാൻ നടപടിയുണ്ടാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.74 വയോജനങ്ങൾക്കായി വാങ്ങിയ കട്ടിലിൽ 26 എണ്ണം ഒരു മാസം മുമ്പ് വിതരണം ചെയ്തിരുന്നു. ബാക്കിയുള്ളവ കുറുമശേരിയിലെ ചോർന്നൊലിക്കുന്ന കമ്മ്യൂണിറ്റി ഹാളിലായിരുന്നു. രണ്ടര ലക്ഷം രൂപ ചെലവഴിച്ച് 49 കുട്ടികൾക്കാണ് മേശയും കസേരകളും വാങ്ങിയത്. കമ്മ്യൂണിറ്റി ഹാളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവയിലേറെയും കേടുപാടുകൾ സംഭവിച്ചതായി പ്രതിപക്ഷം ആരോപിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ജിഷ ശ്യാം, ജി. ഗോകുൽദേവ്, പ്രതിപക്ഷാംഗങ്ങളായ രാജമ്മ വാസുദേവൻ, സി.പി. ദേവസി എന്നിവർ സംസാരിച്ചു.
കട്ടിലുകളും മേശകളും പരിശോധിക്കും
ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് ചുമതലയുള്ള അസി. സെക്രട്ടറി ഇന്നലെ അവധിയിലായിരുന്നു. ചൊവാഴ്ച്ച അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ കട്ടിലുകളും മേശകളും പരിശോധിക്കും. തകരാറില്ലാത്തവ ബുധനാഴ്ച്ച വിതരണം ചെയ്യാനും നടപടിയെടുക്കും.