കൊച്ചി: തനത് വരുമാനവർദ്ധനയ്ക്ക് വിവിധ ഫീസിനങ്ങളിലുൾപ്പെടെ നിരക്ക് ഉയർത്താനുള്ള അനുമതിക്കായി സർക്കാറിനോട് ആവശ്യപ്പെടാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. ആറാം ധനകമ്മിഷൻ നിർദ്ദേശമനുസരിച്ച് കോർപ്പറേഷന്റെ ധനസ്ഥിതി അവലോകനം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക കൗൺസിൽ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. തീരുമാനങ്ങൾ ഉടൻ സർക്കാറിനെ അറിയിക്കുമെന്ന് മേയർ സൗമിനി ജെയിൻ യോഗത്തിൽ അറിയിച്ചു. അതേസമയം തനത് വരുമാനം വർദ്ധിപ്പിക്കൽ, ചെലവ് കാര്യക്ഷമമാക്കൽ, വീകേന്ദ്രിക്യത പ്രക്രിയ ഫലപ്രദമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ചേർന്ന കൗൺസിൽ യോഗം പ്രഹസനമായെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇ-ഗവേണൻസ് നടപ്പാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ കോർപ്പറേഷന് പിരിഞ്ഞുകിേട്ടണ്ട നികുതി അടിയന്തരമായി പിരിച്ചെടുക്കാൻ കൂടുതൽ ബിൽ കലക്ടർമാരെ നിയമിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാനും കൗൺസിൽ യോഗം തീരുമാനിച്ചിട്ടുണ്ട്. കോർപ്പറേഷൻ പരിധിയിൽ കാലങ്ങളായി അടഞ്ഞുകിടക്കുന്ന വീടുകൾക്ക് 100ശതമാനം നികുതിയിളവ് സർക്കാർ അനുവദിച്ചിട്ടുണ്ട്. അതിൽ മാറ്റമുണ്ടാകണമെന്നും 50 ശതമാനം നികുതി അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് പിരിച്ചെടുക്കാൻ അവകാശം നൽകുന്ന തരത്തിൽ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. ജനന മരണ സർട്ടിഫിക്കറ്റുകളുൾപ്പെടെ കോർപ്പറേഷനിൽ നിന്ന് നൽകുന്ന വിവിധതരം സർട്ടിഫിക്കറ്റുകളുടെ അഡീഷനൽ കോപ്പിക്ക് 25 ശതമാനം ഫീസ് ഈടാക്കാൻ നിർദ്ദേശം നൽകണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. കൂടാതെ സർക്കാർ നൽകാനുള്ള ജി.എസ്.ടി കുടിശിക അടിയന്തരമായി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.