bavana-samuchayam-
കരുമാല്ലൂരിലെ ഭവന സമുച്ചയത്തിന്റെ രൂപരേഖ

പറവൂർ: കരുമാല്ലൂർ ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡ് മാമ്പ്ര ബ്ളോക്കുപള്ളത്ത് ലൈഫ് മിഷന്റെ ഭവന സമുച്ചയം ഉയരും. ജില്ലയിൽ ആദ്യത്തെ സംരംഭമാണിത്. നീറ്റ ജലാറ്റിൻ കമ്പനിയുടെ ഉടമസ്ഥയിൽ ഉണ്ടായിരുന്ന പത്തര ഏക്കറിലധികം ഭൂമിയിൽ നാലുനിലയിൽ ഭവന സമുച്ചയം നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലെ ഭൂരഹിത - ഭവന രഹിതരായ 44 കുടുംബങ്ങൾക്കാണ് ഭവന സമുച്ചയത്തിൽ വീടൊരുക്കുന്നത്. 1500 ഓളം കുടുംബങ്ങൾക്ക് രണ്ടര ലക്ഷത്തിലധികം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഭവന സമുച്ചയമാണ് പദ്ധതിയുടെ പൂർണഘട്ടം. കോൺക്രീറ്റ് ബൽറ്റിൽ അടിത്തറ നിർമ്മിക്കുന്ന ഈ കെട്ടിടത്തിന്റെ തൂണുകൾ സ്റ്റീൽ ഫാബ്രിക്കേറ്റായിരിക്കും. തട്ടുകൾ സാധാരണപോലെ കോൺക്രീറ്റ് ചെയ്യും. വീടുകളുടെ ഭിത്തികൾ സിമന്റ് ഫൈബർ ബോർഡ് സ്ഥാപിച്ചാണ് വേർതിരിക്കുന്നത്. ഫ്ലാറ്റിലെ താമസക്കാർക്കായി കളിക്കളം, നീന്തൽക്കുളം, പാർക്ക് എന്നിവയും വിഭാവനം ചെയ്യുന്നുണ്ട്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.ആർ.എൻ ഏജൻസിയാണ് പഠനം നടത്തി കെട്ടിട സമുച്ചയത്തിന്റെ പ്രോജക്ട് തയ്യാറാക്കിയത്. കേരളത്തിലെ ഏറ്റവും വലിയ ഫ്ളാറ്റ് സമുച്ചയമാണ് പദ്ധതി മാമ്പ്രയിൽ നിർമ്മിക്കുന്നത്. നിർമ്മാണോദ്ഘാടനം 24ന് രാവിലെ പതിനൊന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മെയ്തീൻ അദ്ധ്യക്ഷത വഹിക്കും. കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ തറക്കല്ലിടും. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജില്ലാ കളക്ടർ എസ്. സുഹാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡ‌ന്റ് ജി.ഡി. ഷിജു, വിജു ചുള്ളിക്കാട്, ഉമൈബ യൂസഫ്, എ.എം. അലി, പഞ്ചായത്ത് സെക്രട്ടറി നവീൻ രാജൻ തുടങ്ങിയവർ സംസാരിക്കും.