ആലുവ: ആലുവ ബാങ്ക് കവലയിൽ നഗരസഭ ഉടമസ്ഥതയിലുള്ള നെഹറു പാർക്ക് അവന്യു ബിൽഡിംഗിൽ അമിത വാടകയാണെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വാടകക്കാർ എല്ലാവരും സംയുക്ത അപേക്ഷ നൽകിയാൽ അനുകൂലമായ നടപടിയെടുക്കുമെന്നും ചെയർപേഴ്സൺ ലിസി എബ്രഹാം പറഞ്ഞു.
'വാടക ഭാരം: 36ൽ 26 ഉം പൂട്ടി' എന്ന തലക്കെട്ടിൽ ഇന്നലെ 'കേരളകൗമുദി'യിൽ വന്ന വാർത്തയെ തുടർന്നാണ് നഗരസഭ നിലപാട് വ്യക്തമാക്കിയത്. വ്യക്തിപരമായി ചിലർ നൽകിയ അപേക്ഷകൾ മാത്രമാണ് നിലവിൽ നഗരസഭയുടെ പരിഗണനയിലുള്ളത്. അവയ്ക്ക് അനുകൂലമായ തീരുമാനമെടുക്കാൻ സ്റ്റാൻഡിംഗ് കമ്മിറ്റിയും കൗൺസിലും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ പ്രളയം ഉണ്ടായ ശേഷമാണ് സംയുക്തമായ അപേക്ഷ കച്ചവടക്കാർ നൽകിയത്. കൊവിഡ് പ്രതിസന്ധിയുടെ പേരിൽ വാടക കുറക്കണമെന്ന് ഇതുവരെ കച്ചവടക്കാർ സംയുക്തമായ ആവശ്യം ഉന്നയിച്ചിട്ടില്ല. നിയമപരമായി ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും നഗരസഭ കച്ചവടക്കാർക്ക് ചെയ്ത് കൊടുക്കും. 36 സ്ഥാപനങ്ങളിൽ 26 എണ്ണം പൂട്ടിയെന്ന് പറയുന്നത് ശരിയല്ല. ഒമ്പത് സ്ഥാപനങ്ങൾ മാത്രമാണ് ഒഴിഞ്ഞ് കിടക്കുന്നത്. അത് വീണ്ടും ലേലം വിളിച്ചെങ്കിലും ഏറ്റെടുക്കാൻ ആളുണ്ടായില്ല.
പ്രക്ഷോഭം ആരംഭിക്കുമെന്ന് കച്ചവടക്കാർ
നെഹ്റു പാർക്ക് ബിൽഡിംഗിനോടുള്ള നഗരസഭാ അധികൃത്യരുടെ അവഗണനക്കെതിരെ വ്യാപാരികൾ പ്രക്ഷോഭം ആരംഭിക്കും. കണ്ണ് തുറക്കാത്ത നഗരസഭക്കെതിരെ ബുധനാഴ്ച്ച രാവിലെ പത്തിന് വ്യാപാരികൾ കണ്ണ് മൂടികെട്ടി പന്തം കൊളുത്തി സംഘടിപ്പിക്കുമെന്ന് നെഹ്റു പാർക്ക് ബിൽഡിങ്ങ് അസോസിയേഷൻ പ്രസിഡന്റ് പ്രസാദ്, സെക്രട്ടറി ബിജു, ട്രഷറർ ഷിഷാബ് എന്നിവർ അറിയിച്ചു.
അമിത വാടകയിൽ കച്ചവടക്കാരുടെ നട്ടെല്ലൊടിഞ്ഞ അവസ്ഥയാണ്. 36ൽ 26 സ്ഥാപനവും നിർത്തി. അവശേഷിക്കുന്നവയും അടച്ചുപൂട്ടലിന്റെ വക്കിലാണ്. വാടക കുറക്കണമെന്ന് നഗരസഭയോട് പലവട്ടം രേഖാമൂലം അഭ്യർത്ഥിച്ചിട്ടും നഗരസഭ നടപടിയെടുത്തിട്ടില്ല. അഡ്വാൻസ് തിരിച്ച് നൽകിയാൽ മുറിയൊഴിയാൻ തയ്യാറാണെന്ന് അറിയിച്ചിട്ടും അനുകൂല നടപടിയില്ല. അതിനാൽ തുറക്കാത്ത മുറികൾക്ക് വാടക നൽകേണ്ട ഗതികേടിലാണ് കച്ചവടക്കാർ. നെഹ്റു പാർക്ക് ബിൽഡിംഗിലെ കച്ചവടക്കാരുടെ സമരത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് ആലുവ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.