school
ആലുവ എസ്.എൻ.ഡി.പി സ്കൂളിൽ ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച സംസ്കൃത പാഠശാലയും അനുബന്ധ കെട്ടിടങ്ങളും

# ശക്തമായ പ്രതിഷേധവുമായിആലുവ യൂണിയൻ

ആലുവ: ശ്രീനാരായണ ഗുരുദേവൻ 1914ൽ ആലുവയിൽ സ്ഥാപിച്ച സംസ്‌കൃതപാഠശാലയും അനുബന്ധ കെട്ടിടങ്ങളും പൊളിക്കാനുള്ള ആലുവ നഗരസഭയിലെ ചിലരുടെ നീക്കത്തിൽ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ ശക്തമായി പ്രതിഷേധിച്ചു.

ആലുവ എസ്.എൻ.ഡി.പി സ്‌കൂൾ വളപ്പിലാണ് 105 വർഷം പഴക്കമുള്ള ഈ ചരിത്ര സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്നത്. സംസ്‌കൃതപാഠശാല ഹാളിനോട് ചേർന്നാണ് ഗുരുദേവൻ വിശ്രമിച്ചിരുന്ന ഇരുനിലമാളിക. പാഠശാലയിൽ ഗുരുദേവന്റെ ദിവ്യസാന്നിദ്ധ്യത്തിൽ നടരാജ ഗുരുക്കൾ അടക്കം പങ്കെടുത്തിരുന്ന പണ്ഡിത സദസുകളും നടന്നിരുന്നു. ഗുരുവിന്റെ തൃപ്പാദസ്പർശമേറ്റിട്ടുള്ള ഇരുനിലമാളികയിൽ സംസ്‌കൃതപാഠശാല വിദ്യാർത്ഥികളുടെ മിശ്രഭോജനം നടന്ന സ്ഥലവും മഹാകവി കുമാരനാശാന്റെ എഴുത്തുമുറി എന്നിവയെല്ലാം അടങ്ങുന്നതാണ്. ഗുരു നവോത്ഥാനത്തിന് നേതൃത്വം നൽകിയ പവിത്രമായ മണ്ണും മഹത്‌ ഭവനവുമാണ് പാഠശാലയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ചരിത്രസ്മാരകം. ഇത് പൊളിക്കുവാനുള്ള ചിലരുടെ കുൽശ്രിത ശ്രമം ആലുവയുടെ ചരിത്രം അറിയാത്തതുകൊണ്ടാണ്. ചരിത്രപ്രാധാന്യം മനസിലാക്കി ചരിത്രത്തോട് വർത്തമാന കാലഘട്ടത്തിൽ നീതിപുലർത്തുന്ന ഭരണാധികാരികളായി മാറണമെന്നും പൈതൃക കെട്ടിടങ്ങൾ പൊളിക്കാനുള്ള ശ്രമങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും യൂണിയൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ പ്രമേയം അവതരിപ്പിച്ചു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യോഗം ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, ടി.എസ്. അരുൺ, കൗൺസിലർമാരായ സജീവൻ ഇടച്ചിറ, കെ.കെ. മോഹനൻ, കെ.സി. സ്മിജൻ, കെ. കുമാരൻ എന്നിവർ സംസാരിച്ചു.

പുതിയ കെട്ടിടത്തിന് നമ്പർ നൽകാതെ നഗരസഭ

മുൻ എം.പി കെ.പി. ധനപാലനും പൂർവ വിദ്യാർത്ഥിയുമായ അൻവർ സാദത്ത് എം.എൽ.എയും അനുവദിച്ച തുകയും സ്കൂൾ മാനേജ്മെന്റ് ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച മൂന്നുനില കെട്ടിത്തിലെ 23 മുറികളിൽ ഏഴ് എണ്ണത്തിന് നഗരസഭ ഇതുവരെ നമ്പർ നൽകിയിട്ടില്ല. അനാവശ്യ വിവാദങ്ങളുണ്ടാക്കി ചില ഉദ്യോഗസ്ഥരാണ് ചരിത്രപ്രാധാന്യമുള്ള കലാലയത്തോട് എതിർപ്പ് പ്രകടിപ്പിക്കുന്നത്. സമീപത്തെ പഴകിയ കെട്ടിടം പൊളിച്ചാൽ മാത്രമേ പുതിയ കെട്ടിടത്തിന് നമ്പർ നൽകൂവെന്നാണ് ചിലരുടെ നിലപാട്. നേരത്തെ സ്കൂൾ മാനേജ്മെന്റ് അറിയിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ചിട്ടും വിചിത്രമായ ആവശ്യമുന്നയിക്കുന്നതിന്റെ കാരണം വ്യക്തമല്ല. വർഷങ്ങളായി എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ നൂറ് ശതമാനം വിജയം നേടി ആലുവയുടെ അഭിമാനമായി നിലകൊള്ളുന്ന സ്കൂളിനോടാണ് ചരിത്രമറിയാത്ത ചില ഉദ്യോഗസ്ഥരുടെ ശത്രുതാമനോഭാവം.