തൃക്കാക്കര : വ്യവസായ വകുപ്പിന്റെ നിർദിഷ്ട ഗ്ലോബൽ സിറ്റി പദ്ധതി, ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ നിഷ്കർഷിക്കുന്ന പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പൂർത്തിയാക്കുകയെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. പ്രദേശവാസികളിൽ ചിലർ ഉന്നയിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ല. ആലുവ താലൂക്കിലെ അയ്യമ്പുഴയിലാണ് വ്യവസായവകുപ്പ് പദ്ധതി വിഭാവനം ചെയ്യുന്നത്. പരിസ്ഥിതിക്ക് ദോഷംചെയ്യുന്ന തരത്തിലുള്ള ഫാക്ടറികളോ നിർമ്മാണ യൂണിറ്റുകളോ ഗ്ലോബൽസിറ്റിയിൽ ഉണ്ടാവില്ല. പൂർണമായും പരിസ്ഥിതിസൗഹൃദ പദ്ധതിയാണിത്.
കാപ്പിറ്റൽ മാർക്കറ്റ്, അസറ്റ് മാനേജ്മെന്റ്, ഇൻഷ്വറൻസ്, അക്കൗണ്ടിംഗ് ആൻഡ് ഓഡിറ്റിംഗ്, ഐ.ടി/ഐ.ടി.ഇ.എസ്, ഗവേഷണം, വിനോദവ്യവസായം തുടങ്ങിയ മേഖലകളിലെ രാജ്യാന്തര പ്രശസ്തമായ സ്ഥാപനങ്ങളുടെ ആസ്ഥാനമായി കൊച്ചിയെ മാറ്റുകയാണ് ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റി പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. വിശദമായ ചർച്ചയിലൂടെ മാത്രമേ പദ്ധതിയുടെ അന്തിമരൂപം തയ്യാറാക്കൂ. ധാരാളം തൊഴിലവസര സാദ്ധ്യതകൾ ഇതിലൂടെ സൃഷ്ടിക്കപ്പെടും. റെസിഡൻഷ്യൽ, ഷോപ്പിംഗ് മേഖലകളിൽ ധാരാളം അനുബന്ധ സ്ഥാപനങ്ങളും ഇതിലൂടെ യാഥാർത്ഥ്യമാകും. കാര്യക്ഷമമായതും പരിസ്ഥിതിക്കിണങ്ങുന്നതുമായ നിർമ്മാണരീതി മാത്രമേ പദ്ധതിക്കായി അവലംബിക്കുകയുള്ളുവെന്നും കളക്ടർ പറഞ്ഞു.