തൃക്കാക്കര :ജില്ലയിലെ ഹരിത കർമ്മ സേനക്കുള്ള അജൈവ മാലിന്യ പരിപാലനവും തരംതിരിക്കലും, കൊവിഡ് കാല സുരക്ഷിത മാലിന്യ ശേഖരണവും സംബന്ധിച്ച വിഷയത്തിൽ കില, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിക്ക് ചോറ്റാനിക്കര പഞ്ചായത്തിൽ തുടക്കം കുറിച്ചു. ഹരിത കർമ്മ സേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സംഭരണ കേന്ദ്രത്തിൽ പ്രാരംഭ ഘട്ട തരംതിരിവ് നടത്തി മൂല്യവർദ്ധിത വസ്തുക്കളായി ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഹരിത കർമ്മ സേനയുടെ വരുമാന വർദ്ധനവിനും, സംഭരണ കേന്ദ്രങ്ങളിലെ അജൈവമാലിന്യങ്ങൾ കൃത്യമായ ഇടവേളകളിൽ കൈമാറുന്നതിനും പരിശീലന പരിപാടി സഹായിക്കും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരു തദ്ദേശ സ്ഥാപനത്തിൽ നിന്നും എട്ട് പേർക്കാണ് പരിശീലനം നൽകുന്നത്. പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും നേരിട്ടെത്തി ഹരിത കർമസേനാ യൂണിറ്റുകളെ പരിശീലനം നൽകും. ഹരിത കർമ്മ സേന രൂപീകരിച്ച ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒക്ടോബർ ഒമ്പതോടെ പരിശീലനം പൂർത്തിയാക്കും.കിലയിൽ നിന്ന് പരിശീലനം ലഭിച്ച ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ കുടുംബശ്രീ പ്രവർത്തകരാണ് പരിശീലനം നയിക്കുന്നത്.പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും.