കുറുപ്പംപടി: എറണാകുളം ജില്ലയിലെ 2 മണ്ഡലങ്ങളിൽ കൂടി കടന്നുപോകുന്നതും 4 മണ്ഡലങ്ങൾക്ക് പ്രയോജനകരവുമായ റോഡാണ് മണ്ണൂർ പോഞ്ഞാശ്ശേരി റോഡ്. എം.സി റോഡിലെ തിരക്ക് ഒഴിവാക്കുന്നതിന് ഈ റോഡ് ഉപയോഗപ്പെടുത്തുവാൻ സാധിക്കും. വെങ്ങോല മുതൽ പോഞ്ഞാശ്ശേരി വരെയുള്ള 3.50 കിലോമീറ്റർ ദൂരം ആദ്യമേ തന്നെ ആദ്യഘട്ട ടാറിംഗ് പൂർത്തികരിച്ചിരുന്നു. വെങ്ങോല മുതൽ മണ്ണൂർ വരെയുള്ള 8 കിലോമീറ്റർ ദൂരമാണ് പദ്ധതി ഇഴഞ്ഞു നീങ്ങുന്നത്.
റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കുറെ നാളുകളായി മുടങ്ങി കിടക്കുകയാണ്. റോഡിന്റെ ശോചനീയാവസ്ഥയിൽ നടപടികൾ സ്വീകരിക്കാത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാരന്റെ അലംഭാവത്തിനെതിരെയും എം.എൽ.എ പെരുമ്പാവൂർ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.
അവലോകന യോഗം ചെവ്വാഴ്ച
മണ്ണൂർ പോഞ്ഞാശേരി റോഡിന്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി അവലോകന യോഗം ചെവ്വാഴ്ച ഉച്ചക്ക് 12ന് ഓൺലൈനായി ചേരുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. കെ.എം എബ്രാഹാമുമായി എം.എൽ.എ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനമെടുത്തത്. പദ്ധതിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് എത്രയും വേഗത്തിൽ പാസാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങൾ കൂടി പരിഹരിച്ചു എത്രയും വേഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എം.എൽ.എ പറഞ്ഞു.