കൊച്ചി: പശ്ചിമകൊച്ചി മേഖലയിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി കൽവത്തി രാമേശ്വരം കനാൽ പൂർണമായും ശുചീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് കൊച്ചി റെസിഡന്റ്‌സ് അസോസിയേഷൻസ് കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. 3.5 കിലോമീറ്റർ നീളമുള്ള കനാൽ 2018ൽ 2.73 കോടിയും 2019ൽ കരുവേലിപ്പടി മുതൽ എം.കെ. രാഘവൻ റോഡുവരെയുള്ള കനാലിന്റെ ചെറിയ ഭാഗം അമൃതം പദ്ധതിയിലൂടെ 2.58 കോടി ചെലവാക്കിയും മൂന്ന് റീച്ചാക്കി ശുചീകരിച്ചുവെന്ന നഗരസഭയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്നും ഭാരവാഹികൾ പറഞ്ഞു. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിലും കൽവത്തി രാമേശ്വരം കനാലിനോട് അവഗണനയാണ്. ഹൈക്കോടതി നൽകിയിട്ടുള്ള നിർദേശംപോലും കോർപറേഷൻ അധികൃതർ ലംഘിക്കുകയാണെന്നും അതിനാൽ തദ്ദേശ തിരെഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്‌കരിക്കുന്നതിനുള്ള ആലോചനയിലാണ് 43 റെസിഡന്റ്‌സ് അസോസിയേഷനുകൾ ഉൾപ്പെടുന്ന കോർഡിനേഷൻ കമ്മിറ്റിയെന്ന് ജനറൽസെക്രട്ടറി എച്ച്. സനാതന പൈ,കമ്മിറ്റി അംഗങ്ങളായ കെ.പി മജീദ്, കെ.കെ.ധർമ്മജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.