# ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് സി.പി.എം

ആലുവ: ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച സംസ്കൃതപാഠശാലയും ഏഷ്യയിലെ ആദ്യ സർവമത സമ്മേളനത്തിന് വേദിയായ കെട്ടിടവും പൊളിച്ച് നീക്കണമെന്ന നഗരസഭയിലെ ചില ഉദ്യോഗസ്ഥരുടെ ഉത്തരവ് കോടിക്കണക്കിന് ശ്രീനാരായണ ഗുരുദേവ വിശ്വാസികളുടെ മനസ്സിനെ മുറിവേൽപ്പിക്കുന്ന നടപടിയാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ പറഞ്ഞു.

നഗരസഭ എൻജിനിയറിംഗ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ ചരിത്രബോധമില്ലാതെയാണ് ഇടപ്പെട്ടിരിക്കുന്നത്. എസ്.എൻ.ഡി.പി സ്‌കൂളിൽ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് തരണമെങ്കിൽ സ്‌കൂളിന്റെ ഭാഗമായ ഗുരു സ്ഥാപിച്ച കെട്ടിടങ്ങൾ പൊളിക്കണമെന്നാണ് വാശി പിടിക്കുന്നത്. 1924ലെ സർവമത സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസായി പ്രവർത്തിച്ച കെട്ടിടമാണിത്. ശ്രീനാരായണ ഗുരുദേവൻ ഉൾപ്പെട്ട പ്രസിദ്ധമായ സർവമത സമ്മേളന ഫോട്ടോയെടുത്തത് ഈ ഹാളിനു മുന്നിൽനിന്നാണ്. ഗുരു ആലുവയിൽ വച്ചെടുത്തതിൽ അവശേഷിക്കുന്ന ഏക ഫോട്ടോയും ഇതാണ്. രവീന്ദ്രനാഥ ടാഗോറിന് സ്വീകരണം നൽകിയതും സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ സഹോദര സമ്മേളനം നടന്നതും വെയിൽസ് രാജകുമാരനിൽനിന്ന് പട്ടുംവളയും ലഭിച്ച കുമാരനാശാന് സ്വീകരണം നൽകിയതും ഈ ഹാളിൽ വച്ചാണ്.

ഹാളിന്റെ ഭാഗമായ മാളികയിലിരുന്നാണ് 1924 വരെ ഗുരു ആലുവയിൽ വരുമ്പോൾ പകൽസമയം ചെലവഴിച്ചത്. മഹാകവി കുമാരനാശാന്റെ കരുണ, ദുരവസ്ഥ മുതലായ കാവ്യങ്ങൾ എഴുതിയതും ഇവിടെയിരുന്നാണ്. ചരിത്രത്തിന്റെ നേർശേഷിപ്പുകളാണ് ചരിത്രം പഠിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പൊളിക്കാൻ പറയുന്നത്.
ചരിത്രബോധമില്ലാത്ത ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ചരിത്രസ്മാരകം തകർക്കുവാനുള്ള നീക്കത്തിൽനിന്നും നഗരസഭാ പിൻമാറിയില്ലങ്കിൽ ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്നും സി.പി.എം ആലുവ ലോക്കൽ സെക്രട്ടറി കൂടിയായ രാജീവ് സക്കറിയ അറിയിച്ചു.