കൊച്ചി : വനഭൂമിയായി വിജ്ഞാപനം ചെയ്ത ഭൂമിയിൽ പിന്നീട് അവകാശം ഉന്നയിക്കാൻ കഴിയില്ലെന്ന സിംഗിൾബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷൻബെഞ്ച് ശരിവച്ചു. കോതമംഗലം നഗരസഭയുടെ പരിധിയിലുള്ള വനഭൂമി നഗരസഭയ്ക്കു പതിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട കേസാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്. വനംവകുപ്പിന്റെ 75 സെന്റ് ഭൂമി നഗരസഭയുടെ ആവശ്യത്തിനായി റവന്യൂവകുപ്പിന് സറണ്ടർ ചെയ്യാൻ അനുമതി നൽകി 2013ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഹരിത ട്രിബ്യൂണൽ വിഷയത്തിൽ ഇടപെട്ടതിനെത്തുടർന്ന് 2016 ൽ സർക്കാർ ഉത്തരവ് പിൻവലിച്ചിരുന്നു. ഇതിനെതിരെ നഗരസഭ നൽകിയ ഹർജിയിൽ സർക്കാരിന്റെ തീരുമാനം പുനപ്പരിശോധിക്കാൻ നിർദേശിച്ചു. എന്നാൽ സർക്കാർ ഉത്തരവു പിൻവലിച്ച നടപടി തിരുത്താൻ തയ്യാറായില്ല. ഇതിനെതിരെ നഗരസഭ വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാരിന്റെ ഭൂമിയിൽ നഗരസഭയ്ക്ക് അവകാശം ഉന്നയിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിൾബെഞ്ച് ഹർജി തള്ളി. തുടർന്ന് നൽകിയ അപ്പീലാണ് ഇപ്പോൾ ഡിവിഷൻബെഞ്ചും തള്ളിയത്.