കൊച്ചി : ഭീകരാക്രമണം ആസൂത്രണം ചെയ്യാൻ കണ്ണൂർ കനകമലയിൽ രഹസ്യയോഗം ചേർന്ന കേസിലെ പിടികിട്ടാപ്പുള്ളി മുഹമ്മദ് പോളക്കാനിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ജോർജിയയിൽ നിന്ന് പിടികൂടിയ ഇയാളെ ഇന്നലെ എറണാകുളത്തെത്തിച്ച് ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ടിന്റെ വടുതലയിലെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഐസിസിന്റെ ഭാഗമായി പ്രവർത്തിച്ച പ്രതികൾ 2016 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ കനകമലയിൽ ഒത്തുചേർന്ന് കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയെന്നാണ് കേസ്. മൻസീദ് എന്ന ഒമർ അൽ ഹിന്ദി ഉൾപ്പെടെ ആറു പ്രതികൾക്ക് വിചാരണക്കോടതി കഴിഞ്ഞ നവംബറിൽ തടവുശിക്ഷ വിധിച്ചിരുന്നു. ഒരു പ്രതിയെ വെറുതേവിട്ടു. ഏഴാം പ്രതി സജീർ ഭീകരപ്രവർത്തനങ്ങൾക്കിടെ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടിരുന്നു.
കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ ആക്രമിക്കാനും ഹൈക്കോടതി ജഡ്ജിമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ കൊലപ്പെടുത്താനുമാണ് സംഘം രഹസ്യപദ്ധതി തയ്യാറാക്കിയത്. വിദേശങ്ങളിലേക്ക് കടന്ന പല പ്രതികളുമായി ഇവർ ടെലിഗ്രാം ആപ്ളിക്കേഷൻ വഴിയാണ് ആശയവിനിമയം നടത്തിയിരുന്നത്. സംഭവത്തെത്തുടർന്ന് ഒളിവിൽപോവുകയായിരുന്നു മുഹമ്മദ് പോളക്കാനി.