കൊച്ചി: എറണാകുളത്ത് സ്‌മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയ 21 റോഡുകളുടെ നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാകും. എട്ടു റോഡുകളുടെ നിർമ്മാണം പൂർത്തിയായി. 19 റോഡുകൾ മാർച്ചിൽ പൂർത്തീകരിക്കും. കേന്ദ്ര സർക്കാർ സഹായത്തോടെ നടപ്പാക്കുന്ന സ്‌മാർട്ട്സിറ്റി പദ്ധതിയിൽ 40 റോഡുകളാണ് കൊച്ചി നഗരസഭാ പരിധിയിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നത്.
ആദ്യഘട്ടത്തിലാണ് 21 റോഡുകളുടെ പണികൾ ആരംഭിച്ചത്. റോഡുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഒക്ടോബറോടെ റോഡുകൾ എല്ലാം പൂർത്തിയാക്കാനാണ് ശ്രമെന്ന് പദ്ധതി നടത്തിപ്പിന്റെ ചുമതല വഹിക്കുന്ന കൊച്ചി സ്‌മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) അധികൃതർ അറിയിച്ചു.
സ്‌മാർട്ട് റോഡുകളിൽ പണികൾ പുരോഗമിക്കുകയാണ്. എബ്രഹാം മാടമാക്കൽ റോഡിലെ പണികൾ ഡിസംബറിൽ പൂർത്തീകരിക്കും. മറ്റു റോഡുകൾ മാർച്ചിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് അവലോകന യോഗത്തിൽ അധികൃതർ പറഞ്ഞു.
# മാർക്കറ്റ് നവീകരണം വേഗത്തിലാക്കും
പ്രധാന പദ്ധതിയായ എറണാകുളം മാർക്കറ്റ് നവീകരണവും പുനരധിവാസ പ്രവർത്തനങ്ങളും വേഗത്തിൽ നടപ്പാക്കി ജനങ്ങൾക്ക് എത്രയുംവേഗം സൗകര്യപ്രദമായ വ്യാപാരസംവിധാനം ഒരുക്കും.
മാനവീയം വീഥിപോലെ ജനങ്ങൾക്ക് ഉപയോഗപ്രദമായും വിനോദത്തിനും അവസരം ഒരുക്കുന്ന വീഥികൾക്ക് പദ്ധതികളും ആലോചിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ ബ്ലോക്ക്, ഇ ഹെൽത്ത് പദ്ധതി എന്നിവയുടെ പുരോഗതിയും വിലയിരുത്തി.
# സീവേജ് പദ്ധതി വേണം
റോഡ് മീഡിയനുകളുടെ സൗന്ദര്യം വർദ്ധിപ്പിക്കണമെന്നും നഗരത്തിലെ വെള്ളക്കെട്ടൊഴിവാക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിച്ചു മുന്നോട്ടുപോകാനുള്ള പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ടി.ജെ. വിനോദ് എം.എൽ.എ നിർദേശിച്ചു. സീവേജ് ലൈനുകൾക്കു വാട്ടർ അതോറിറ്റിയുമായി ചേർന്ന് പദ്ധതി ആവിഷ്‌കരിച്ചു പരിഹാരം കണ്ടെത്താൻ സംവിധാനം ഒരുക്കാൻ നിർദേശം ഉയർന്നു. നഗരവാസികൾ ഉറ്റുനോക്കുന്ന മറൈൻഡ്രൈവ് നടപ്പാതയുടെ പണികൾ ജനുവരിക്കു മുമ്പായി തീർക്കണെമന്ന് എം.എൽ.എ നിർദേശിച്ചു.
കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ടി.ജെ. വിനോദ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർമാരായ ഗ്രേസി ബാബു ജേക്കബ്, സുധ ദിലീപ്, കൃഷ്ണകുമാർ, സി.എസ്.എം.എൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജാഫർ മാലിക് തുടങ്ങിയവരും പങ്കെടുത്തു.