ആലുവ: ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച സംസ്‌കൃത പാഠശാലയും ചരിത്രത്തിന്റെ ഭാഗമായ അനുബന്ധ കെട്ടിടങ്ങളും പൊളിച്ച് നീക്കാൻ ചരിത്രബോധമില്ലാതെ ആലുവ നഗരസഭയെടുത്ത തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറം സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.
കേരളക്കരയുടെ ആത്മീയ തേജസ് ശ്രീനാരായണ ഗുരുദേവന്റെ ആത്മസമർപ്പണം കൊണ്ടും മഹാകവി കുമാരനാശാൻ, സഹോദരൻ അയ്യപ്പൻ, വാഗ്ഭടാനന്ദൻ, രവീന്ദ്രനാഥ ടാഗോർ തുടങ്ങിയ നിരവധി മഹാപുരുഷൻമാരുടെ പാദസ്പർശത്താൽ പ്രചോദിതമായതുമായതാണ് ആലുവ അദ്വൈതാശ്രമത്തിലെയും സംസ്‌കൃത പാഠശാലയിലെയും മണ്ണും കെട്ടിടങ്ങളും എന്ന് ഭരണകർത്താക്കൾ മറക്കരുത്. ജാതിഭേദമന്യേ സർവ്വർക്കും വിശിഷ്യ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും ആട്ടി അകറ്റപ്പെട്ട നിരാലംബരായ ജനങ്ങൾക്ക് സംസ്‌കൃതം പഠിക്കാൻ ഗുരു സ്ഥാപിച്ചതാണ് ആലുവ സംസ്‌കൃത പാഠശാല.
ഗുരുവിന്റെ ജാതിയില്ലാ വിളമ്പരത്തിന്റെ 100 വർഷം പിന്നിടുന്ന വേളയിൽ ഗുരുവിനോടും ഗ്രീനാരായണ സമൂഹത്തോടും ഗുരുവിനെ സ്‌നേഹിക്കുന്ന പൊതുസമൂഹത്തോടും കാട്ടുന്ന അവഹേളനമാണ് നഗരസഭയുടെ നടപടിയെന്ന് ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് അജുലാൽ, വൈസ്. പ്രസിഡന്റ് കെ.പി. ഗോപാലകൃഷ്ണൻ, സെക്രട്ടറി ഡോ. ശ്രീകുമാർ എന്നിവർ പറഞ്ഞു.
ഗുരു സ്ഥാപിച്ച കെട്ടിടം സംരക്ഷിക്കും: അൻവർ സാദത്ത് എം.എൽ.എ
ആലുവ എസ്.എൻ.ഡി.പി സ്കൂളിൽ ശ്രീനാരായണ ഗുരുദേവൻ നേരിട്ട് സ്ഥാപിച്ച കെട്ടിടങ്ങൾ ചരിത്ര സ്മാരകമെന്ന നിലയിൽ സംരക്ഷിക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. നഗരസഭ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഒരു നടപടിയുണ്ടായപ്പോൾ തന്നെ താൻ ഇടപ്പെട്ട് പ്രശ്നം പരിഹരിച്ചതാണ്. എന്നിട്ടും ചിലർ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയായിരുന്നു.
പ്രശ്നം രമ്യതയിൽ തീർക്കും: ചെയർപേഴ്സൺ
ആലുവ എസ്.എൻ.ഡി.പി സ്കൂളിൽ ഗുരുദേവൻ സ്ഥാപിച്ച കെട്ടിടങ്ങൾ നിലനിർത്തുന്നതിന് നിയമപരമായ സഹായങ്ങൾ ചെയ്യുമെന്ന് നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം പറഞ്ഞു. സ്കൂൾ മാനേജ്മെന്റുമായി ഇക്കാര്യത്തിൽ തുറന്ന ചർച്ച നടത്തി അനുകൂലമായ തീരുമാനമെടുക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.
സംസ്‌കൃത പാഠശാല പെളിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ബി.ജെ.പി
ആലുവ: എസ്.എൻ ഡി പി സ്കൂളിൽ ശ്രീനാരായണ ഗുരു സ്ഥാപിച്ച സംസ്‌കൃത പാഠശാല പെളിക്കാനുള്ള നഗരസഭ തീരുമാനം പിൻവലിക്കണമെന്നും നീക്കത്തിന് പിന്നിൽ ചിലരുടെ ഗൂഢാലോചനയാണെന്നും ബി.ജെ.പി നേതാവും നഗരസഭ കൗൺസിലറുമായ എ.സി. സന്തോഷ് കുമാർ ആരോപിച്ചു.
കേരളത്തിന്റെ സാമൂഹിക നവോത്ഥാന പ്രവർത്തനത്തിൽ ശ്രീനാരായണ ഗുരു വഹിച്ച പങ്ക് ഇവർ സൗകര്യപൂർവ്വം മറക്കുകയാണ്. സർവ്വ മത സമ്മേളനവും പന്തിഭോജനവും സമൂഹത്തിലുണ്ടാക്കിയ മാറ്റത്തിന്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്. 105 വർഷം പഴക്കമുള്ള സ്മാരകം പെളിക്കാനുള്ള നഗരസഭ നീക്കം ശക്തമായി ചെറുത്ത് തോല്പിക്കുമെന്നും സന്തോഷ് കുമാർ അറിയിച്ചു.
നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെന്ന് സി.പി.എം
ചരിത്ര സ്മാരകമായ ആലുവ എസ്.എൻ.ഡി.പി സ്കൂളിലെ കെട്ടിടങ്ങൾ പൊളിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ നഗരസഭക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും സി.പി.എം നിവേദനം നൽകിയതായി ലോക്കൽ സെക്രട്ടറി രാജീവ് സക്കറിയ അറിയിച്ചു.