കൊച്ചി: ലോക അൽഷിമേഴ്‌സ് ദിനത്തോടനുബന്ധിച്ച് ലൂർദ് ആശുപത്രിയിൽ ജില്ലാ ഭരണകൂടവും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും സംയുക്തമായി മെമ്മറി ക്ലിനിക്കും തുടർചികിത്സാ സംവിധാനങ്ങളും സംഘടിപ്പിക്കും. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ ഡിമെൻഷ്യ ബാധിതർക്കായി നടത്തുന്ന ഉദ്‌ബോധ് പദ്ധതിയുടെ ഭാഗമായാണ് ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബിഹേവിയറൽ സയൻസസിന്റെയും ലൂർദ് ന്യൂറോസൻസസിന്റെയും കീഴിൽ മറവി രോഗമുള്ളവർക്ക് ഡിമെൻഷ്യ സ്‌ക്രീനിംഗ്, കൗൺസിലിംഗ് സംവിധാനങ്ങൾ, വൃദ്ധജനങ്ങളെ വീടുകളിലെത്തി പരിശോധിക്കാൻ സംവിധാനങ്ങൾ, കൂടുബാംഗങ്ങൾക്ക് ബോധവത്ക്കരണം തുടങ്ങി പദ്ധതികളാണ് ഒരുക്കുന്നത്.സാരമായ ഓർമ്മക്കുറവ്, നിത്യജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള മറവി, ശരിയായ തീരുമാനമെടുക്കാനുളള കഴിവ് നഷ്ടപ്പെടുക, വിഷാദം, ഉത്കണ്ഠ, സ്വഭാവവ്യത്യാസം, സ്ഥലകാലബോധമില്ലായ്മ, സാധനങ്ങൾ സ്ഥാനം മാറിവയ്ക്കുകയും ഓർത്തെടുക്കാൻ സാധിക്കാതെ വരികയും ചെയ്യുക, ഒരേ കാര്യം ആവർത്തിച്ചു ചെയ്യുക, ജോലിയിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും പിൻവലിയുക, ദിനചര്യകൾ ചെയ്യാൻ സാധിക്കാതെ വരിക തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർക്ക് സംവിധാനം ഉപയോഗിക്കാം.മാനസികാരോഗ്യ വിഭാഗം ഡോ. പ്രതീഷ് പി.ജെ, ഡോ.റിങ്കു തെരേസാ ജോസ്, നൂറോളജി വീഭാഗം ഡോ.ശ്രീറാം പ്രസാദ്, ഡോ. അമിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മെമ്മറി ക്ലിനിക്ക് പ്രവർത്തിക്കുമെന്ന് ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9946712125 എന്ന നമ്പറിൽ രാവിലെ 6 മുതൽ വൈകിട്ട് 6 മണിവരെ വിളിക്കാം.