jayasankar
നാണയം വിഴുങ്ങിയ മൂന്നു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയാവശ്യപ്പെട്ട് മാതാവ് നന്ദിനി നടത്തുന്ന സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് യുവജന കൂട്ടായ്മയുടെ പ്രതിഷേധം അഡ്വ. എ. ജയശങ്കർ ഉദ്ഘാടനം ചെയ്യുന്നു

അലുവ: പാവപ്പെട്ടവർക്ക് ചികിത്സ ലഭിക്കേണ്ട ധർമ്മാശുപത്രി അധർമ്മാശുപത്രിയായെന്നും നാണയം വിഴുങ്ങിയ മൂന്നു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവം ഉദ്യോഗസ്ഥർ നിസാരവത്ക്കരിക്കുകയാണെന്നും രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ പറഞ്ഞു.

കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയാവശ്യപ്പെട്ട് മാതാവ് നന്ദിനി നടത്തുന്ന സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് യുവജന കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൺവീനർ രാജീവ് മുതിരക്കാട് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ആലുവ നിയോജക മണ്ഡലം സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, എസ്.സി മോർച്ച സംസ്ഥാന സമിതിയംഗം എ കെ. അജി, ബി.ജെ.പി ചൂർണിക്കര പഞ്ചായത്ത് സെക്രട്ടറി രാജേഷ് കുന്നത്തേരി, യുവജന കുട്ടായ്മ ജോയിന്റ് കൺവീനർ സനിഷ് കളപ്പുരയ്ക്കൽ, പ്രീത രവി, പി.എസ്. കൃഷ്ണദാസ്, സമരസമിതി കൺവീനർ അഡ്വ. സുനിൽ .സി. കുട്ടപ്പൻ, അഡ്വ. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.