കൊച്ചി: ഇന്ത്യയിലെ കാർഷിക ചരിത്രത്തിലെ ഏറ്റവും വിപ്ളവകരമായ മുന്നേറ്റമാണ് കാർഷികബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ കൈവരിച്ചതെന്ന് കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. ജയസൂര്യൻ പറഞ്ഞു. കർഷകമോർച്ച സംസ്ഥാന ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബില്ലിനെതിരായ പ്രതിപക്ഷത്തിന്റെ സമരങ്ങൾ കുത്തകകളെ സഹായിക്കാനാണ്..
ഇടനിലക്കാരെയും കുത്തകകളെയും ഒഴിവാക്കി കർഷകരെ സംരംഭകരും വ്യാപാരികളുമാക്കുന്നതാണ് നിയമങ്ങൾ. ഇടനില ഏജന്റുമാരെയും കുത്തക മുതലാളിമാരുടെയും ചൂഷണം അവസാനിപ്പിക്കാൻ കഴിയും. തങ്ങളുടെ ഉത്പന്നങ്ങൾ രാജ്യത്ത് എവിടെയും വിറ്റഴിക്കാൻ കർഷകർക്ക് അനുമതി ലഭിക്കും. കോർപ്പറേറ്റുകളുടെ കുത്തക തകർത്ത് കർഷകർക്ക് നേരിട്ട് വിപണി നിയന്ത്രിക്കാൻ കഴിയും. ഇതുവഴി ഉത്പന്നങ്ങൾക്ക് ഉയർന്ന വില ലഭ്യമാകും. കർഷകരുടെ കാവലാളായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ടി. വിപിൻ, എ.ആർ. അജിഘോഷ് എന്നിവർ സംസാരിച്ചു.