മൂവാറ്റുപുഴ: നമുക്ക് വേണ്ടത് നാം പറയൂ എൽ.ഡി.എഫ് നിർദ്ദേശത്തിലേക്ക് വ്യാപാരി സമൂഹത്തിന്റെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം സമർപ്പിച്ചു. രണ്ടായിരത്തിലധികം വ്യാപാരികൾഉൾപ്പെടുന്ന സമൂഹമാണ് മൂവാറ്റുപുഴയുടെ വികസനത്തിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നത്. പ്രളയത്തിൽ തകർന്നടിഞ്ഞ വ്യാപാര മേഖലയെ കൊവിഡ് 19 വ്യാപനത്തോടെ കൂടുതൽ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.ദുരിതപൂർണമായ സാഹചര്യത്തിൽ നിന്ന് വ്യാപാരികളെ കൈപിടിച്ചുയർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനമാണ് സമർപ്പിച്ചത്. വ്യാപാരികളുടെ ആവശ്യങ്ങൾക്ക് മുഖ്യ പരിഗണന നൽകി ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തണമെന്നാണ് മർച്ചന്റ് അസോസിയേഷന്റെ ആവശ്യം. നാടിന്റെ വികസന പ്രക്രിയയിൽ പങ്കാളികളായ വ്യാപാരിസമൂഹത്തിന്റെ ആവശ്യങ്ങൾക്ക് പ്രകടന പത്രികയിൽ പ്രാധാന്യം നൽകുമെന്ന് എൽ.ഡി.ഫ് നേതാക്കൾ പറഞ്ഞു.മർച്ചന്റ്സ് അസോസിയേഷൻ തയ്യാറാക്കിയ നിർദേശങ്ങൾ മുൻ മുനിസിപ്പൽ ചെയർമാൻ യു.ആർ ബാബുവിന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങലിൽ കൈമാറി. മർച്ചന്റ്സ്അസോസിയേഷൻ ട്രഷറർ കെ.എം ഷംസുദ്ദീൻ , സെക്രട്ടറിമാരായ ബോബി എസ്. നെല്ലിക്കൽ, പി എം ഷംസുദ്ദീൻ, ജില്ല കമ്മിറ്റി അംഗം ഫൈസൽ പിഎംടി, ഗ്രെയിൻസ് അസോസിയേഷൻ പ്രസിഡന്റ് എൽദോസ് പാലപ്പുറം , സി.പി.എം ലോക്കൽ സെക്രട്ടറിമാരായ സജി ജോർജ് , ജോർജ് കുരുവിള, പ്രകടനപത്രിക കോ-ഓഡിനേറ്റർ കെ എം ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.