ആലുവ: ശക്തമായ മഴക്കൊപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റ് എടത്തല പഞ്ചായത്തിൽ വ്യാപക നാശം വിതച്ചു. രണ്ട് വീട് പൂർണമായും ഒമ്പത് വീടുകൾ ഭാഗികമായും തകർന്നു. നിരവധി മരങ്ങൾ, വൈദ്യുതി പോസ്റ്റുകളും മറിഞ്ഞെങ്കിലും ആളപായം ഒഴിവായി.
ഇന്നലെ രാവിലെ 8.05നാണ് കേവലം രണ്ട് മിനിറ്റിൽ താഴെ മാത്രം നീണ്ടുനിന്ന കാറ്റ് ആഞ്ഞുവീശിയത്. എടത്തല മലേപ്പിള്ളി, അൽ അമീൻ കോളേജ് പരിസരം, നൊച്ചിമ പോട്ടച്ചിറ ക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് വൻ നാശം നേരിട്ടത്. അൽ അമീൻ കോളേജിനടുത്ത കോയേലിമലയിൽ നിന്ന് ശക്തിയായി വീശിയടിച്ച കാറ്റ് കിഴക്ക് ദിക്കിലേക്ക് രണ്ട് കിലോമീറ്റർ നീളത്തിലാണ് ഉണ്ടായത്. ഈ ഭാഗത്തെ അറബി കോളേജിന് സമീപത്തെ പറമ്പിലെ 40 ഓളം റബർ മരങ്ങൾ കടപുഴകി വീണു. 25 ഓളം വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞു. വീടുകൾക്ക് മുകളിലെ റൂഫിങ് ഷീറ്റുകൾ പറന്നു പൊങ്ങി. മരം മറിഞ്ഞു വീണ് പത്ത് വീടുകൾക്ക് നാശനഷ്ടമുണ്ടായി. മല്ലേപ്പിള്ളി ബസ് സ്റ്റോപ്പിലെ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോറിക്ഷകൾ ശക്തമായ കാറ്റിൽ മറിഞ്ഞു.
മലേപ്പിള്ളി കക്കടാംമ്പിള്ളി പരേതനായ രാജന്റെയും ശ്രീധരന്റെയും വീടുകൾ പൂർണമായി തകർന്നു. കക്കടാമ്പിള്ളി വിശ്വംഭരൻ, കാർത്യയാനി, ചിറങ്ങര വീട്ടിൽ അബ്ദുൾ അസീസ് എന്നിവരുടെ വീട് ഭാഗീകമായും തകർന്നു. മലേപ്പിള്ളിയിൽ മഞ്ഞൾ എക്സട്രക്ഷൻസ് യൂണിറ്റ് നടത്തുന്ന അനസിന്റെ വീടിന് മുമ്പിലെ പോർച്ച് കാറ്റിൽ പറന്നുപോയി. ഇയാളുടെ പറമ്പിലെ 40ലേറെ ജാതി മരവും തെങ്ങും മറിഞ്ഞു. പോട്ടച്ചിറ ക്ഷേത്രത്തിന് സമീപം മാരിയിൽ റോഡിൽ കുഞ്ചുവിന്റെ വീടിന്റെ മേൽകൂര പറന്നുപോയി. കൂടാതെ വാഴ, തെങ്ങ്, കവുങ്ങ്, മറ്റ് വൃക്ഷങ്ങളെല്ലാം കാറ്റിൽ മറിഞ്ഞു വീണു. ആലുവ തഹസിൽദാർ, ഈസ്റ്റ് വില്ലേജ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തുന്ന പ്രക്രിയ ആരംഭിച്ചു. എടത്തല പൊലീസ്, ആലുവയിൽ നിന്ന് ഫയർ ആൻഡ് റെസ്‌ക്യൂ സംഘം സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ച് മാറ്റി. അൻവർസാദത്ത് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് എന്നിവരും സ്ഥലം സന്ദർശിച്ചു. നാശനഷ്ടം ഉണ്ടായവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് എം.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടു. തഹസിൽദാരോടും വില്ലേജ് ഓഫീസറോടും നാശനഷ്ടങ്ങൾ വിലയിരുത്തി വേഗം റിപ്പോർട്ട് നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.