നെടുമ്പാശേരി: നെടുമ്പാശേരി മേഖലയിൽ ഉണ്ടായ ശക്തമായ കാറ്റിൽ കനത്ത കൃഷി നാശം. പാറക്കടവ് ഗ്രാമപഞ്ചായത്തിലെ പുളിയനം, എളവൂർ പ്രദേശങ്ങളിൽ വൻ നാശമാണുണ്ടായത്. തേക്ക്, ജാതി, അടയ്ക്കാമരം, വാഴ തുടങ്ങിയവയാണ് പ്രധാനമായും നശിച്ചത്. എളവൂർ തുരുത്തുമ്മേൽ ഗിരിഷിന്റെ വീട്ടിലേക്ക് അടക്കാമരം വീണ് വീടിന് സാരമായ കേടുപാടുണ്ടായി. മാളിയേക്കൽ തോമസ് പൗലോസ്, മാളിയേക്കൽ പാലോ തോമസ് തുടങ്ങിയവരുടെ തേക്ക്, ജാതി മരങ്ങൾ നശിച്ചു. പുളിയനം മില്ലുപടിയ്ക്ക് സമീപം മേലാപ്പിള്ളി ചാക്കു ഔസേഫ് മാവ് കടപുഴകി വീണു. മാമ്പ്ര സ്വദേശിനി രുഗ്മണിയമ്മയുടെ നൂറോളം ഏത്ത വാഴകൾ പൂർണ്ണമായും നശിച്ചു. വിജയൻ കാട്ടൂർ മഠം, ഡേവീസ് മോറേലി തുടങ്ങിവരുടെ കൃഷിയിടങ്ങളിലെ ജാതി മരങ്ങളും മറിഞ്ഞു. പുളിയനം ശാന്തമാറേക്കാടന്റെ വീട്ടിലെ ഷീറ്റുകൾ കാറ്റിൽ പറന്നു പോയി.