പെരുമ്പാവൂർ: മിമിക്‌സ് ഗാനമേള അവതരിപ്പിച്ച് ജനഹൃദയം കീഴടക്കിയ കൊച്ചിൻ രസികയ്ക്ക് മുപ്പതിന്റ പൊൻതിളക്കം. 1990 സെപ്തംബർ 21 ന് കുറുപ്പംപടി പയ്യാൽ പത്മ ടാക്കീസിൽ വച്ച് നാടക കലാകാരൻ കരകുളം ചന്ദ്രൻ ആണ് കൊച്ചിൻ രസിക ഉദ്ഘാടനം ചെയ്തത്. കൊച്ചിൻ കലാഭവൻ, ഹരിശ്രീ, ഓസ്‌കാർ തുടങ്ങിയ ട്രൂപ്പുകൾക്ക് ശേഷം കേരളത്തിൽ രൂപം കൊണ്ട സമിതിയാണ് രസിക. സിനിമ മേഖലകളിൽ പ്രവർത്തിയ്ക്കുന്ന ഒട്ടനവധി കലാകാരന്മാർ രസികയുടെ വേദികളിലൂടെ കടന്നു പോയവരാണ്. കണ്ഠനാദമേള അഥവാ മിമിക്‌സ് ഗാനമേള കേരളത്തിലും മറുനാടുകളിലും ഹിറ്റായി. ആയിരക്കണക്കിന് വേദികളിൽ മിമിക്സ് ഗാനമേള അവതരിപ്പിക്കപ്പെട്ടു. കൊച്ചിൻ രസികയുടെ മിമിക്‌സ് ഗാനമേളയ്ക്ക് ഒരു മാസത്തിൽ അമ്പതു വേദി വരെ ഉണ്ടായിരുന്നു.കേരളത്തിൽ ആദ്യമായി മിമിക്സ് ഡ്രാമ അവതരിപ്പിച്ചതും കൊച്ചിൻ രസികയാണ്. 1994 ൽ അവതരിപ്പിച്ച മിമിക്സ് ഡ്രാമയാണ് 'മിമിക്സ് സോളാർ'. ആർട്ടിസ്റ്റ് സുജാതന്റെ രംഗപടത്തിൽ തയ്യാറാക്കിയ സ്വർഗ്ഗവും നരകവും ഈ പ്രോഗ്രാമിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.


കൊല്ലം സിറാജ്,ചേലക്കുളം റഹ്മാൻ,കൊച്ചിമൻസൂർ,രമേഷ് കുറുമശ്ശേരി,ആന്റണി വാഴക്കുളം,ഏലൂർ ജോർജ്,ആലപ്പി സജീവ്,അരവിന്ദാക്ഷ കുറുപ്പ്, സുബ്രഹ്മണ്യൻ ബോൾഗാട്ടി, രാജീവ് ചെറായി, അഗസ്റ്റിൻ കൊച്ചിൻ, ശശി കുഞ്ചല, ജോയി കുട്ടമ്പുഴ തുടങ്ങിയവർ രസികയിലെ ആദ്യകാല ആർട്ടിസ്റ്റുകളായിരുന്നു. സിനിമാതാരം ബിജുക്കുട്ടൻ നാല് വർഷക്കാലം രസികയിലെ താരമായിരുന്നു.
മാള അരവിന്ദൻ, വി.ഡി.രാജപ്പൻ, കലാഭവൻ മണി, മച്ചാൻ വർഗീസ്, നാരായണൻകുട്ടി, രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി ,ജാഫർ ഇടുക്കി, കലാഭവൻ റഹ്മാൻ, കൂട്ടിക്കൽ ജയചന്ദ്രൻ, സാജൻ പള്ളുരുത്തി, സാഗർ ഷിയാസ്, ദേവിചന്ദന, സുബി സരേഷ് തുടങ്ങിയവരും രസികയുടെ വേദികളിൽ പല ഘട്ടങ്ങളിലായി എത്തിച്ചേർന്നവരാണ്.

നാടക സംഘാടകനായ ഷാജി സരിഗയാണ് കൊച്ചിൻ രസികയുടെ രൂപശില്പിയും സംവിധായകനും. കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷത്തിന്റെ നിറം മങ്ങിയെങ്കിലും സെപ്തംബർ 27ന് പെരുമ്പാവൂരിൽ ലളിതമായ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്.30 വർഷം മുമ്പ് രസികയുടെ രൂപീകരണ വേളയിൽ വേദിയിലെ സാന്നിദ്ധ്യവും അശമന്നൂർ പഞ്ചായത്ത് അംഗവുമായിരുന്ന അഡ്വ.എൻ.സി.മോഹനൻ വാർഷികം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ആർട്ടിസ്റ്റുകളെ ആദരിയ്ക്കും.