ആലുവ: കടുങ്ങല്ലൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റി യോഗം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഡി.സി.സി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ തെളിവെടുത്തു. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജനറൽ സെക്രട്ടറി എം.ടി. ജയൻ എന്നിവരാണ് കടുങ്ങല്ലൂരിലെ ഐ ഗ്രൂപ്പ് നേതാക്കളായ ശ്രീകുമാർ മുല്ലേപ്പിള്ളി, സുരേഷ് മുട്ടത്തിൽ, സിജോ ജോസ്, മുഹമ്മദ് അൻവർ, കെ.എ. ഹൈദ്രോസ്, ഫാസിൽ മൂത്തേടത്ത്, ആദർശ് ഉണ്ണികൃഷ്ണൻ, ടി.എം. ഷബാബ് എന്നിവരിൽ നിന്നും തെളിവെടുത്തത്.

കഴിഞ്ഞ ഏഴിന് മുപ്പത്തടം ഇന്ദിര ഭവനിൽ നടന്ന യോഗമാണ് അലങ്കോലമായത്. കെ.പി.സി.സി ഉത്തരവ് ലംഘിച്ച് മണ്ഡലം- ബ്ളോക്ക് പുനസംഘടന നടത്തിയതിനെതിരെ നൽകിയ പരാതി നിലനിൽക്കേ സ്വീകരണ യോഗം സംഘടിപ്പിച്ചത് ഐ ഗ്രൂപ്പ് സംഘടിതമായെത്തി തടയുകയായിരുന്നു. ഇതേതുടർന്ന് ഇരുപക്ഷവും കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതി നൽകിയതിനെ തുടർന്നായിരുന്നു തെളിവെടുപ്പ്. കെ.പി.സി.സിയെ ധിക്കരിച്ച് പാർട്ടി വിരുദ്ധന്മാരെ ഉൾപ്പെടുത്തി പുനസംഘടന നടത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും തെളിവെടുപ്പിനെത്തിയവർ കമ്മീഷനെ ബോധിപ്പിച്ചു.