#പണി തീരാത്ത വീട് കാറ്രിൽ പൂർണമായി തകർന്നു
# ഹൃദയാഘാതത്തിൽ ഭർത്താവിന്റെ മരണം ജൂലായ് 11ന്
ആലുവ: എടത്തല മലേപ്പിള്ളി കക്കടാമ്പള്ളി ഹരിജൻ കോളനിയിൽ പരേതനായ രാജന്റെ ഭാര്യ ഓമനയെയും കുടുംബത്തെയും ദുരന്തങ്ങൾ വിട്ടൊഴിയാതെ വേട്ടയാടുകയാണ്. പെയിന്റിംഗ് തൊഴിലാളിയായിരുന്ന രാജൻ ജൂലായ് 11നാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ആ വേദന മാറും മുമ്പാണ് ഇന്നലത്തെ ചുഴലിക്കാറ്റിൽ കിടപ്പാടവും പൂർണമായി നശിച്ചത്.
ബസ് തൊഴിലാളിയായിരുന്ന രാജൻ ഹൃദയാഘാതത്തെ തുടർന്നുണ്ടായ ചികിത്സക്ക് ശേഷം പെയിന്റിംഗ് ജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. . മൂത്ത മകൾ രഞ്ജന പ്ലസ്ടുവിനും ഇളയമകൻ രോഹിത് പത്താം ക്ലാസിലും പഠിക്കുകയാണ്. അഞ്ച് സെന്റിൽ പണി തീരാത്ത വീടുമാത്രമായിരുന്നു ഇവരുടെ സമ്പാദ്യം. രാജൻ ഏറെ കഷ്ടപ്പെട്ടാണ് ജനൽ പൊക്കം വരെ ഹോളോബ്രിക്സിൽ വീട് നിർമ്മിച്ചത്. മേൽകൂര കോൺക്രീറ്റ് ചെയ്യാൻ പണം ഇല്ലാത്തതിനെ തുടർന്ന് താത്കാലികമെന്ന നിലയിലാണ് ഇരുമ്പ് ഷീറ്റ് മേഞ്ഞത്. ചുഴലിക്കാറ്റിൽ ഇവ പൂർണമായും പറന്നുപോയി. വീണ്ടും ഉപയോഗിക്കാൻ പോലുമാകാതെയാണ് നശിച്ചത്.
രാജന്റെ മരണത്തെ തുടർന്ന് ഇവിടെയുണ്ടായിരുന്ന ഓമനയുടെ മാതാവിനെ ശനിയാഴ്ചയാണ് ഓമനയും മക്കളും ചേർന്ന് ചേലക്കുളത്താ വീട്ടിലേക്ക് കൊണ്ടുപോയത്. വീട്ടിൽ ആരുമില്ലാതിരുന്നത് ദുരന്തത്തിനിടയിലും ഭാഗ്യമായി. അറ്റകുറ്റപ്പണി നടത്തി താമസിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പുതിയ വീട് നിർമ്മിക്കേണ്ടി വരും. തത്കാലം എടത്തല ജി.സി.ഡി.എ കോളനിയിൽ വാടകക്ക് താമസിക്കുന്ന രാജന്റെ അനുജൻ പ്രകാശന്റെ കുടുംബത്തോടൊപ്പമാണ് ഓമനയുടെയും മക്കളുടെയും താമസം. ലൈഫ് പദ്ധതിയിൽപ്പെടുത്തി ഇവർക്ക് വീട് നിർമ്മിച്ച് നൽകാനാകും. അൻവർ സാദത്ത് എം.എൽ.എ വീട് സന്ദർശിച്ചു. എം.എൽ.എ നിർമ്മിക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയിൽപ്പെടുത്തി വീട് നിർമ്മിക്കാനും ശ്രമമുണ്ട്.