കൊച്ചി: സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പർ ഒന്നാം സമ്മാനം കടവന്ത്ര സ്വദേശിയായ 24 കാരൻ അനന്തുവിന്. ക്ഷേത്രം ജീവനക്കാരനായ യുവാവിനെ ബന്ധപ്പെട്ടെങ്കിലും കൂടുതൽ വിവരങ്ങൾ നൽകാനാവില്ലെന്ന് വ്യക്തമാക്കി. ടിക്കറ്റ് സുരക്ഷിതമാണെന്നും അറിയിച്ചു.
എറണാകുളം കച്ചേരിപ്പടിയിലെ വിഘ്നേശ്വര ഏജൻസിയിൽ നിന്ന് ഏജന്റ് അളകസ്വാമി എടുത്ത് വിറ്റ ടിക്കറ്റിനായിരുന്നു സമ്മാനം. കടവന്ത്ര ഭാഗത്താണ് അളകസ്വാമിയുടെ ലോട്ടറി വിൽപ്പന. 12 കോടിയുടെ സമ്മാനതുകയിൽ നികുതിയും കമ്മിഷനും കുറച്ച് ഏഴരക്കോടി രൂപ അനന്തുവിന് ലഭിക്കും.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ അക്കൗണ്ടന്റാണ് അനന്തു. സ്ഥിരമായി ലോട്ടറി എടുക്കാറില്ല. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ ബമ്പർ ലോട്ടറികൾ സ്ഥിരമായി എടുക്കാറുണ്ട്. പിതാവ് പെയിന്റിംഗ് ജോലിയുടെ കരാറുകാരനാണ്. എം.കോം ബിരുദധാരിയായ ചേച്ചിക്ക് വിവാഹാലോചനകൾ വരുന്ന സമയത്താണ് ലോട്ടറിയടിച്ചത്. അനുജൻ ബി.ബി.എ ബിരുദദാരിയാണ്. ബി.കോം ബിരുദത്തിന് ശേഷമാണ് അനന്തു ജോലിക്ക് കയറിയത്. ഉന്നത പഠനത്തിനുള്ള തയ്യാറെടുപ്പിലുമാണ്. പബ്ളിസിറ്റിക്ക് താത്പര്യമില്ലാത്തതിനാലാണ് ഫോട്ടോ നൽകാത്തതെന്നും അനന്തു 'കേരളകൗമുദി'യോട് പറഞ്ഞു.