1
കെട്ടിടത്തിന്റെ കോൺഗ്രീറ്റ് ഇളകിയനിലയിൽ

നിലംപൊത്താറായി കാക്കനാട് മുൻസിപ്പൽ

ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ്

തൃക്കാക്കര : തൃക്കാക്കര നഗരസഭ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്ഥയിൽ. മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നുണ്ട്. പില്ലറുകളിൽ സിമന്റ് ഇളകി പലയിടത്തും കമ്പി പുറത്തുകാണാം.

സംസ്ഥാനത്തെ ഏറ്റവും വരുമാനമുളള നഗരസഭയായ തൃക്കാക്കരയിലാണ് ജീവാപായ ഭീഷണിയുമായി ഈ ദുർബലമന്ദിരം നിലകൊള്ളുന്നത്. കോടി​കൾ മുടക്കി​ ഇടയ്ക്കി​ടെ നവീകരി​ക്കുന്ന നഗരസഭാ മന്ദി​രത്തോട് ചേർന്നുള്ള കെട്ടി​ടത്തി​ന്റെ ദുരവസ്ഥ മനസി​ലാക്കാൻ ഭരണക്കാർക്കോ ഉദ്യോഗസ്ഥർക്കോ നേരമി​ല്ലെന്നതാണ് സ്ഥി​തി​.

35 വർഷം മുമ്പ് അന്നത്തെ പഞ്ചായത്ത് പണികഴിപ്പിച്ചതാണ് കെട്ടിടം. ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുമെന്ന് പിന്നീട് നഗരസഭയായപ്പോൾ പ്രഖ്യാപനമുണ്ടായെങ്കിലും ഒന്നും നടന്നില്ല.

അപകട ഭീഷണി ഒഴിവാക്കി നവീകരിക്കുവാനോ, അറ്റകുറ്റപ്പണി നടത്താനോ നഗരസഭ മുൻകൈയ്യെടുക്കുന്നില്ലെന്ന് വാടകക്കാരും പറുയുന്നു.

കച്ചവടക്കാരുടെ പുനരധിവാസത്തെച്ചൊല്ലിയുളള തർക്കമാണ് പദ്ധതി നടപ്പിലാക്കാൻ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

അറ്റകുറ്റപ്പണി നടത്താത്ത 35 വർഷം

1985 മേയിലാണ് ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചത്. 18 കടമുറികളും ലേലം ചെയ്ത നൽകി​.

പി​ന്നീട് കെട്ടി​ടത്തി​ന് കാര്യമായ ഒരു അറ്റകുറ്റപ്പണി​യും നടത്തി​യി​ട്ടി​ല്ല. പെയി​ന്റിംഗ് പോലും അപൂർവമായി​രുന്നു. മഴക്കാലത്ത് ചോർച്ച രൂക്ഷമായപ്പോൾ പരാതി​കളെ തുടർന്ന് മൂന്നു വർഷം മുമ്പ് മുകളി​ൽ ഷീറ്റി​ട്ടതാണ് കാര്യമായി​ ചെയ്ത പണി​.

പുനരധിവാസം ലഭ്യമാക്കണം
വിനോദ് കുമാർ
( കച്ചവടക്കാരൻ)

നഗരസഭ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലെ മുഴുവൻ കച്ചവടക്കാരെയും പുനരധിവസി​പ്പി​ക്കണം. പുനർനി​ർമ്മാണം സർക്കാർ ഏജൻസികളെ കൊണ്ട് സമയബന്ധിതമായി ചെയ്യി​ക്കണം.

ഒഴിയാൻ നോട്ടീസ് നൽകി


പി .എസ് ഷിബു
മുൻസിപ്പൽ സെക്രട്ടറി

അപകട ഭീഷണിയെത്തുടർന്ന് ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് ഒഴിയാൻ കട ഉടമകൾക്ക് നോട്ടീസ് നൽകി​യി​ട്ടുണ്ട്. കച്ചവടക്കാരുടെ യോഗം വിളിച്ചെങ്കിലും
പുനരധിവാസ തർക്കം മൂലം തീരുമാനമുണ്ടായി​ല്ല.

ജനങ്ങളുടെ ജീവിതം വച്ച് കളിക്കരുത്
ആർ.രാജേഷ്
പൊതുപ്രവർത്തകൻ

ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് അടിയന്തിരമായി പൊളിച്ചുകളയണം. ജനങ്ങളുടെ ജീവിതം വച്ച് കളിക്കരുത്.നഗരസഭ മോടിപിടിപ്പിക്കാൻ കോടികൾ മുടക്കുമ്പോഴാണ് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സ് എപ്പോൾ വേണമെങ്കി​ലും വീഴാവുന്ന അവസ്ഥയി​ലുള്ളത്.