maldweep
കൊച്ചിയിൽ നിന്ന് മാലദ്വീപിലേക്ക് സർവീസ് ആരംഭിച്ച ചരക്കു കപ്പൽ

കൊച്ചി : കൊച്ചിയിൽ നിന്ന് മാലദ്വീപിലേക്ക് നേരിട്ട് ആരംഭിച്ച ചരക്കു കപ്പൽ സർവീസ് കേരളത്തിലെ കയറ്റുമതി, മത്സ്യസംസ്കരണ മേഖലക്ക് വൻപ്രതീക്ഷ പകരുന്നു. വടക്കൻ കേരളത്തിൽ നിന്നുള്ള ചരക്കുകൾ കൊച്ചി വഴി മാലദ്വീപിൽ വിപണിയിലെത്തിക്കാൻ കഴിയുന്നത് വലിയ നേട്ടം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിത്യോപയോഗ വസ്തുക്കൾ മുതൽ ഗൃഹോപകരണങ്ങൾ വരെ കയറ്റി അയക്കാനാകും. മാലദ്വീപിൽ നിന്ന് മത്സ്യങ്ങൾ എത്തിച്ച് സംസ്കരിക്കാൻ കഴിയുന്നത് കയറ്റുമതിക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകും.

കാർഗോ ഫെറി സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) മൂന്ന് തുറമുഖങ്ങളിൽ നടത്തിയ റോഡ്‌ഷോക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
പുതിയ ചരക്കുകപ്പൽ സർവീസിന് കേരളത്തിലെ കയറ്റുമതി സമൂഹത്തിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചതായി കൊച്ചി തുറമുഖ ട്രസ്റ്റ് ചെയർപേഴ്‌സൻ എം. ബീന പറഞ്ഞു. ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് കടൽ മാർഗവും റോഡ് മാർഗവും വടക്കൻ കേരളത്തിൽ നിന്ന് മാലിയിലേക്കുള്ള ചരക്ക് കൊച്ചി തുറമുഖത്ത് എത്തിക്കും. പടിഞ്ഞാറൻ തീരത്തെ കണ്ട്‌ല പോലുള്ള തുറമുഖങ്ങളിൽ നിന്നും നിന്നും ട്രാൻസ്ഷിപ്പ്‌മെന്റായി കൊച്ചി വഴി മാലിയിലേക്ക് കയറ്റുമതി വർദ്ധിക്കും. മാലിദ്വീപിലെ ആകെ ഇറക്കുമതിയുടെ 9.7 ശതമാനമാണ് ഇന്ത്യയിൽ നിന്നുള്ള വിഹിതം. മാലദ്വീപിൽ ഉപയോഗിക്കുന്ന മിക്കവാറും എല്ലാ സാധനങ്ങളുടെയും ഉത്പാദനം ഇന്ത്യയിലുള്ളതിനാൽ കയറ്റുമതി വർദ്ധിപ്പിക്കാൻ വലിയ സാധ്യതകളുണ്ടെന്ന് അവർ പറഞ്ഞു.

പുതിയ ചരക്കു കപ്പൽ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള വാണിജ്യ ബന്ധങ്ങളിൽ വലിയ മാറ്റം കൊണ്ടുവരുമെന്ന് മാലദ്വീപ് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ഡോ. രോഹിത് രതീഷ് പറഞ്ഞു.

മാലദ്വീപിലെ രണ്ട് തുറമുഖങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. തിരക്കേറിയ മാലി തുറമുഖം വികസിപ്പിക്കാൻ ഇന്ത്യൻ സർക്കാർ 2.2 ബില്യൺ ഡോളറിന്റെ സഹായ പാക്കേജ് ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

മാലദ്വീപ് പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കപ്പൽ സർവീസ് ആരംഭിക്കുന്നത്. ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യയാണ് നടത്തിപ്പുകാർ. കുൽഹുദിഫുഷി, മാല തുറമുഖങ്ങളിൽ കപ്പലടുക്കും.

കപ്പൽ ശേഷി

കണ്ടെയ്നർ : 200 ടി.ഇ.യു

മറ്റു ചരക്കുകൾ : 3000 ടൺ