കൊച്ചി: തുച്ഛമായ ശമ്പളത്തിൽ പ്രതികൂല കാലാവസ്ഥയിലും പണിയെടുക്കുന്ന ഫാം തൊഴിലാളികളെ ആറുമാസം ശമ്പളം പിടിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. തമ്പി കണ്ണാടൻ ആവശ്യപ്പെട്ടു. മഹാമാരിക്കിടയിലും കാർഷിക ഉത്പാദന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് ദൈനംദിനജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇപ്പോൾ ലഭിക്കുന്ന ശമ്പളം തികയുന്നില്ല. സർക്കാർ അനുവദിച്ച രണ്ടു ഗഡു ഡി.എയിൽ എട്ടുശതമാനം നൽകാൻ യൂണിവേഴ്‌സിറ്റി തയ്യാറായിട്ടില്ല. 2016 ലെ ക്ഷാമബത്തയുടെ കുടിശികയും ലഭിക്കാനുണ്ട്. സാഹചര്യങ്ങൾ മനസിലാക്കി ഡി.എ അടിയന്തരമായി അനുവദിക്കണം. ശമ്പളം പിടിക്കുന്നതിൽനിന്ന് ഒഴിവാക്കാൻ മുഖ്യമന്ത്രി ഇടപെട്ട് അടിയന്തിര ഉത്തരവ് ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.