ratheesh
ജപ്തിഭീഷണി നേരിടുന്ന ജീർണാവസ്ഥയിലായ കൂരയിൽ കഴിയുന്ന കിടപ്പുരോഗിയായ തറമശേരി ദാക്ഷായണിക്കും മകൻ രതീഷ്കുമാറിനും സഹപാഠികളുടെ സഹായം കുമ്പളം സെന്റ് മേരീസ് യുപി സ്കൂൾ മുൻ പ്രധാനാദ്ധ്യാപകൻ പി.ടി. ജോർജിൽ നിന്നും 'ദാക്ഷായണി കുടുംബസഹായസമിതി' രക്ഷാധികാരി കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് സീതാ ചക്രപാണി, സമിതി ചെയർമാൻ വാർഡ് അംഗം വി.എ. പൊന്നപ്പൻ എന്നിവർ ചേർന്നു സ്വീകരിക്കുന്നു

കുമ്പളം: ജപ്തിഭീഷണി നേരിടുന്ന കുടുംബത്തിന് ഒരു ഗ്രാമം കൈത്താങ്ങാവുകയാണ്.

13വർഷംമുമ്പ് വള്ളവും വലയും വാങ്ങുവാൻ പനങ്ങാട് സഹകരണബാങ്കിൽ നിന്ന് 1ലക്ഷംരൂപ വായ്പയെടുത്ത മത്സ്യത്തൊഴിലാളിയായ കുമ്പളം ഒന്നാംവാർഡിൽ തറമശേരി ദാക്ഷായണിക്കും (73) മകൻ രതീഷ്‌കുമാറിനുമാണ് (37) പിന്തുണയുമായി നാട്ടുകാരെത്തിയത്. ഏകാശ്രയമായ വീടുംപറമ്പും കൈവിട്ടുപോകുന്ന ദയനീയാവസ്ഥയിൽ കഴിയുകയാണ് ഇവർ. തുടർച്ചയായുണ്ടായ രണ്ട്പ്രളയവും ഇതിനിടയിൽ ദാക്ഷായണി 8വർഷമായി പക്ഷാഘാതംമൂലം തളർന്ന് കിടപ്പിലായതും കൊവിഡ് മഹാമാരിയും ഒക്കെചേർന്ന് ദാക്ഷായണിയുടേയും മകന്റെയും വരുമാനം മുട്ടിക്കുകയും തിരിച്ചടവ് മുടങ്ങുകയുംചെയ്തു. കാലാവധി കഴിഞ്ഞിട്ടും തിരിച്ചടക്കാത്ത വായ്പയിന്മേൽ ബാങ്കിന് ജപ്തിനടപടികൾ സ്വീകരിക്കേണ്ടിവന്നു.

ജീർണാവസ്ഥയിലായ കൂരയിൽ കഴിയുന്ന കിടപ്പുരോഗിയായ ദാക്ഷായണിയുടെ എല്ലാകാകാര്യങ്ങളും

മകൻ രതീഷാണ് നിർവഹിച്ചുപോരുന്നത്. സഹപാഠികളായിരുന്ന ഏതാനും സുഹൃത്തുക്കളുംനാട്ടുകാരും സുമനസുകളും ഇരുവരുടെയും ദയനീയാവസ്ഥകണ്ട് സംഘടിച്ച് 'ദാക്ഷായണി കുടുംബസഹായ സമിതി' രൂപീകരിച്ച് പ്രവർത്തനം തുടരുന്നു. വാർഡ്മെമ്പർ വി.എ. പൊന്നപ്പൻ ചെയർമാനും പഞ്ചായത്ത് പ്രസിഡന്റ് സീതാചക്രപാണി രക്ഷാധികാരിയുമായി രൂപീകരിച്ച സഹായസമിതിയുടെ പ്രവർത്തനങ്ങൾക്ക് മികച്ച പ്രതികരണമായിരുന്നു. ഇതിനകം സ്വരീപിച്ച സഹായതുക കുമ്പളം സെന്റ് മേരീസ് യു.പി സ്കൂൾ മുൻ പ്രധാനാദ്ധ്യാപകൻ പി.ടി. ജോർജിൽ നിന്ന് സീതാചക്രപാണിയും വി.എ. പൊന്നപ്പനും ചേർന്ന് സ്വീകരിച്ചു. രതീഷിന്റെ സഹപാഠികളായ സോജൻ പുത്തൻവീട്ടിൽ, മഹേഷ് സുകുമാരൻ, കെ.ഡ‍ി. ദിലീഷ്, ഷംനാസ്,ഒരുമ സാന്ത്വനം ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.

പലിശയിനത്തിൽ പരമാവധി ഇളവ് നൽകാൻ പനങ്ങാട് സർവീസ് സഹകരണബാങ്ക് ഭരണസമിതിയും തീരുമാനിച്ചിട്ടുണ്ട്. ബാങ്കിലെ ബാദ്ധ്യതതീർത്ത് ആധാരമെടുത്താൽ സർക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ വീട് നിർമിക്കാനാണ് പദ്ധതി. സൗത്ത് ഇന്ത്യൻ ബാങ്ക് കുമ്പളംശാഖയിൽ ഇതിനായി പഞ്ചായത്ത് അംഗം വി.എ. പൊന്നപ്പന്റെയും രതീഷ്‌കുമാറിന്റെയും പേരിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ:0215053000013159. IFSC: SIBL0000215.