nhai
മുടങ്ങിക്കിടക്കുന്ന ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട്‌ നാഷണൽ ഹൈവേ അതോറി​റ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഡയറക്ടർ ജെ.ബാലചന്ദർ സ്ഥലം സന്ദർശിക്കുന്നു

കോലഞ്ചേരി: വരുമോ മറ്റക്കുഴി തൃപ്പൂണിത്തുറ ബൈപാസ് ?. മുപ്പതു വർഷമായി മുടങ്ങിക്കിടക്കുന്ന നിർമ്മാണവുമായി ബന്ധപ്പെട്ട്‌ നാഷണൽ ഹൈവേ അതോറി​റ്റി ഒഫ് ഇന്ത്യ പ്രൊജക്ട് ഡയറക്ടർ ജെ.ബാലചന്ദർ സ്ഥലം സന്ദർശിച്ചു. തൃപ്പൂണിത്തുറ ബൈപാസിനു വേണ്ടി വർഷങ്ങൾക്ക് മുമ്പ് സ്ഥലം ഏ​റ്റെടുത്തെങ്കിലും നിർമ്മാണ പ്രവർത്തികൾ ഇനിയും ആരംഭിച്ചിട്ടില്ല. പുതിയ അലൈൻമെന്റ് പ്രകാരം പുത്തൻകുരിശ് വട്ടക്കുഴി പാലത്തിനടുത്ത് നിന്ന് ആരംഭിക്കുന്ന ബൈപാസിന് വേണ്ടി സ്ഥലം ഏ​റ്റെടുക്കുമ്പോൾ മറ്റക്കുഴി,തൃപ്പൂണിത്തുറ ബൈപാസിലേക്ക് എത്തിച്ചേരാനുള്ള സാദ്ധ്യത പരിശോധിക്കുവാൻ വി.പി. സജീന്ദ്രൻ എം.എൽ.എ. നിർദ്ദേശം നൽകിയിരുന്നു. മ​റ്റക്കുഴി, തിരുവാങ്കുളം ഭാഗങ്ങളിലെ പല സ്ഥലങ്ങളിലും അളന്നു തിരിച്ചു കു​റ്റി അടിച്ചു പോയതല്ലാതെ മ​റ്റൊരു പുരോഗതിയും ഉണ്ടായിട്ടില്ല. സർവേ കല്ലുകൾ സ്ഥാപിച്ചതിനാൽ പലർക്കും സ്ഥലം വിൽക്കാനോ, വീട് പുതുക്കിപ്പണിയാനോ സാധിക്കാത്ത സ്ഥിതിയാണ്.തൃപ്പൂണിത്തറ ബൈപാസിന് വേണ്ടി വർഷങ്ങൾക്ക് മുമ്പ് ഏ​റ്റെടുത്തിട്ടുള്ള മ​റ്റക്കുഴി മുരിയമംഗലം പ്രദേശത്തെ സ്ഥല ഉടമകളുടെ ആശങ്ക പരിഹരിക്കപ്പെടുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.

ബൈപാസ് നിർമാണത്തിനായി ആദ്യഘട്ടത്തിൽ മ​റ്റക്കുഴി, തിരുവാങ്കുളം റെയിൽവേ ലൈൻ വരെയുള്ള ഭാഗത്തെ 16.172 ഹെക്ടർ ഭൂമിയാണ് വേണ്ടത്. എന്നാൽ ഈ ഭാഗത്ത് 4.4312 ഹെക്ടർ സ്ഥലം മാത്രമാണ് ഏ​റ്റെടുത്തിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ തിരുവാങ്കുളം റെയിൽവേ ലൈൻ മുതൽ തൃപ്പൂണിത്തുറ മിനി ബൈപാസ് വരെയുള്ള ഭൂമി ഏറ്റെടുക്കണം ഇപ്പോഴുള്ള എസ്​റ്റിമേ​റ്റ് പ്രകാരം ഏകദേശം 1005 കോടി രൂപ ഭൂമി ഏ​റ്റെടുക്കുന്നതിന് 350 കോടി രൂപ റോഡ് നിർമ്മാണത്തിനുമായിട്ടാണ് ചിലവഴിക്കേണ്ടത്.

യോഗം ഇന്ന്

പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി വകുപ്പുതല മേധാവികളുടെ യോഗം ഇന്ന് കാക്കനാട് എൻ.എച്ച് ഓഫീസിൽ നടക്കും.

ചുവപ്പുനാടയിൽ കുടുങ്ങി പദ്ധതി

നേരത്തെ ബെന്നി ബഹനാൻ എം.പി തൃപ്പൂണിത്തുറ ബൈപാസ് പദ്ധതി യാഥാർത്ഥ്യമാക്കണം എന്നാവശ്യപ്പെട്ട് പാർലമെന്റിൽ വിഷയം അവതരിപ്പിച്ചിരുന്നു.കൊച്ചി ധനുഷ് കോടി ദേശീയ പാതയിൽ മ​റ്റക്കുഴി ഭാഗത്തു നിന്ന് തുടങ്ങി തൃപ്പൂണിത്തുറ മിനി ബൈപാസിന്റെ പരിസരത്ത് അവസാനിക്കുന്നതാണ് നിർദ്ദിഷ്ട പദ്ധതി. 8.23 കിലോമീ​റ്ററിലാണ് നിർമ്മാണം ഉദ്ദേശിക്കുന്നത്. തിരുവാങ്കുളം മുതൽ പേട്ട വരെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായാണ് 1989 ൽ തൃപ്പൂണിത്തുറ ബൈപാസ് പ്രഖ്യാപിച്ചത്.എന്നാൽ 30 വർഷമായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ് .