gas-stove
പള്ളിപ്പുറം കോൺവെന്റ് ബീച്ചിൽ തട്ടുകട നടത്തുന്ന അനിതക്ക് മുനമ്പം പൊലീസ് ഗ്യാസ് സ്റ്റൗ കൈമാറുന്നു

വൈപ്പിൻ: സാമൂഹ്യവിരുദ്ധർ തകർത്തു കളഞ്ഞ ഗ്യാസ് സ്റ്റൗവിന് പകരം മുനമ്പം പൊലീസ് സ്റ്റേഷനിലെ രണ്ട് ഗ്യാസ് സ്റ്റൗകളിൽ ഒന്ന് നൽകി. പള്ളിപ്പുറം കോൺവെന്റ് ബീച്ചിൽ തട്ടുകട നടത്തിവരുന്ന 60 കാരിയായ കാരിക്കശ്ശേരി അനിതക്കാണ് പൊലീസിന്റെ സഹായം. ഉപജീവനത്തിനായി അനിത കോൺവെന്റ് ബീച്ചിൽ നടത്തിവന്നിരുന്ന തട്ടുകടയിൽ രാത്രി ചില സാമൂഹ്യവിരുദ്ധർ കയറി ഗ്യാസ് സ്റ്റൗവും മറ്റും നശിപ്പിച്ചിരുന്നു. ഇതോടെ ഇവരുടെ ഉപജീവനം മുടങ്ങി. പരാതി ലഭിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ മുനമ്പം പ്രിൻസിപ്പൽ എസ്.ഐ വികെ സുധീർ കുമാറിന്റെ നിർദേശാനുസരണം പൊലീസ് സ്റ്റേഷനിൽ ഉപയോഗിച്ചിരുന്ന ഗ്യാസ് സ്റ്റൗ നൽകി. എസ്.ഐമാരായ വി ബി അബ്ദുൽ റഷീദ്, നന്ദനൻ എന്നിവർ സ്ഥലത്തെത്തി ഗ്യാസ് സ്റ്റൗ കൈമാറി. തട്ടുകടയിൽ കയറി അതിക്രമം കാണിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.