ആലുവ: ലോകമെങ്ങും ശ്രീനാരായണ ഗുരുദേവ സന്ദേശങ്ങൾക്ക് പ്രസക്തിയേറിയെന്ന് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ പറഞ്ഞു. ആലുവ പട്ടേരിപ്പുറം ശാഖയിൽ 93 -ാമത് ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ശ്രീനാരായണ ഗുരു സർവകലാശാല സ്ഥാപിതമായതും സർക്കാർ നേരിട്ട് തലസ്ഥാനത്ത് ഗുരുദേവ പ്രതിമ സ്ഥാപിക്കുന്നതുമെല്ലാം ഗുരു സന്ദേശങ്ങൾ ജാതിമത ഭേദമന്യേ എല്ലാവരും നെഞ്ചേറ്റിയെന്നതിന് തെളിവാണ്.
കൊവിഡ് വ്യാപന കാലഘട്ടത്തിലാണ് ഗുരുദേവ ജയന്തിയും സമാധിയുമെല്ലാം കടന്നുവന്നത്. അതിനാൽ കൊവിഡ് രോഗ പ്രതിരോധിക്കുന്നതിനായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇക്കുറി എസ്.എൻ.ഡി.പി യോഗം ചടങ്ങുകൾ ആവിഷ്കരിച്ചത്. എല്ലാ ശാഖകളിലും ലളിതമായ ചടങ്ങുകളാണ് നടത്തിയത്. ഗുരുദേവ അനുഗ്രഹത്താൽ കൊവിഡിനെ തുരത്താൻ ലോകജനതക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ശാഖ അഡ്മിനിസ്ട്രേറ്റർ കെ.സി. സ്മിജൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ കൗൺസിലർ കെ.കെ. മോഹനൻ എന്നിവർ സംസാരിച്ചു.