മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നൽകുന്നത് മോശം ഭക്ഷണമാണെന്ന് ആരോപിച്ച് രോഗികൾ പ്രതിഷേധിച്ചു. ഇലാഹിയ എൻജിനിയറിംഗ് കോളേജിൽ പ്രവർത്തുക്കുന്ന എഫ്.എൽ.ടി.സി.സെന്ററിലാണ് സംഭവം. സെന്ററിലെ ജീവനക്കാർക്കും ലഭിക്കുന്നത് മോശം ഭക്ഷണമാണെന്നും ആരോപണം ഉയർന്നിരുന്നു. പ്രതിഷേധം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടയുടൻ സെന്ററിൽ ഭക്ഷണം നൽകാൻ കാരാർ നൽകിയിരുന്ന കാറ്ററിംഗ് യൂണിറ്റിനെ നീക്കി. പകരം മറ്റൊരു കാറ്ററിംഗ് യൂണിറ്റിനെ ചുമതലപ്പെടുത്തി.വിവരം അറിഞ്ഞ് എൽ.ഡി.എഫ്. പ‌ഞ്ചായത്ത് സെക്രട്ടറി ആർ. സുകുമാരൻ, പഞ്ചായത്ത് മെമ്പർ കെ.എച്ച്. ഷെഫീക്ക് എന്നിവരാണ് ആദ്യം സെന്ററിൽ എത്തിയത്. ഇവർ വിവരം നൽകിയത് അനുസരിച്ച് പ‌ഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസ് , വൈസ് പ്രസിഡന്റ് എം.പി.ഇബ്രാഹിം എന്നിവർ സ്ഥലത്തെത്തി. രോഗികളുടേയും ജീവനക്കാരുടേയും അഭിപ്രായം ചോദിച്ചറി‌ഞ് ശേഷമാണ് ഭക്ഷണം നൽകുവാനുള്ള ചുമതല മറ്റൊരു കാറ്ററിംഗ് സർവ്വീസിനെ ഏൽപ്പിച്ചത്. ഇന്നു മുതൽ പുതിയ കാറ്ററിംഗ് യൂണിറ്റ് ഭക്ഷണം നൽകും. എഫ്.എൽ.ടി.സിയിലുള്ള രോഗികൾക്ക് നല്ല ഭക്ഷണം നൽകാൻ തയ്യാറായില്ലെങ്കിൽ പഞ്ചായത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതോടൊപ്പം ബഹുജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി കൺവീനർ ആർ.സുകുമാരൻ അറിയിച്ചു.