blast

കാലടി: മലയാറ്റൂർ ഇല്ലിത്തോടിലെ പാറമടയ്ക്ക് സമീപത്തെ വീട്ടി​ൽ ഇന്നലെ പുലർച്ചെ മൂന്നരയ്ക്കുണ്ടായ സ്ഫോടനത്തിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. തമിഴ്നാട് സ്വദേശി പെരിയണ്ണൻ ലക്ഷ്മണൻ (40), കർണാടക ചാമരാജ് സ്വദേശി ധനപാലൻ (34) എന്നിവരാണ് മരിച്ചത്.

പറമട നടത്തി​പ്പുകാരനായ നീലീശ്വരം സ്വദേശി​ ബി​ന്നി​ തുട്ടേലിന്റേതാണ് വീട്. ഇവി​ടെയാണ് പാറപൊട്ടി​ക്കുന്നതി​നുള്ള സ്ഫോടകവസ്തുക്കൾ സൂക്ഷി​ച്ചി​രുന്നത്. സ്ഫോടനത്തി​ൽ വീട് തകർന്നടിഞ്ഞു. വീട്ടിൽ താമസിച്ചിരുന്ന രണ്ട് തൊഴിലാളികളുടെയും ശരീരങ്ങൾ ചിതറിത്തെറിച്ചു.

ഇവരെ ഇവിടെ ക്വാറന്റൈനിൽ താമസി​പ്പി​ച്ചി​രി​ക്കുകയായി​രുന്നു. മൃതദേഹങ്ങൾ കളമശേരി​ മെഡി​ക്കൽ കോളേജാശുപത്രി​യി​ലേക്ക് മാറ്റി​.പത്ത് വർഷത്തിലധികമായി പ്രവർത്തി​ക്കുന്ന പാറമടയ്ക്കെതി​രെ നാട്ടുകാർ നി​രന്തര സമരത്തിലും നി​യമപോരാട്ടത്തി​ലുമായി​രുന്നു. വനഭൂമി​യി​ലാണ് പാറമടയുടെ ഒരു ഭാഗമെന്നും സൂചനയുണ്ട്.

സ്ഫോടന ശബ്ദം പത്ത് കി​ലോമീറ്റർ ചുറ്റളവി​ൽ കേട്ടു. പരി​സരത്ത് മറ്റ് വീടുകളി​ല്ല. ഒരു കി​ലോമീറ്റർ അകലെയുള്ള വീടുകളി​ൽ ഉറങ്ങി​യി​രുന്നവർ പേടി​ച്ചുണർന്ന് പരക്കം പാഞ്ഞു.

നരഹത്യയ്ക്ക് കേസ്

സ്ഫോടനവുമായി​ ബന്ധപ്പെട്ട് പാറമടയുടമ റോബി​ൻ, നടത്തി​പ്പുകാരൻ നീലി​ശ്വരം സ്വദേശി​ ബെന്നി​ തുട്ടേൽ എന്നി​വർക്കെതി​രെ നരഹത്യയ്ക്കും അനധി​കൃതമായി​ സ്ഫോടക വസ്തു സൂക്ഷി​ച്ചതി​നും കേസെടുത്തി​ട്ടുണ്ട്. പാറമടയി​ൽ നി​ന്ന് മൂന്നു കി​ലോമീറ്റർ അകലെയുള്ള വീട്ടി​ലാണ് സ്ഫോടക വസ്തു സൂക്ഷി​ക്കാനുള്ള ലൈസൻസെന്നും സൂചനയുണ്ട്. ബി​നി​ തുട്ടേലാണ് പാറമട നടത്തുന്നതെങ്കി​ലും ബന്ധുവായ റോബി​ന്റെ പേരി​ലാണ് ലൈസൻസ്. വി​ജയ് ക്വാറി​ വർക്സ് എന്ന പേരി​ലാണ് മട.

മജിസ്റ്റീരിയൽ

അന്വേഷണം

സ്ഫോടനത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സ്ഫോടനത്തെക്കുറിച്ചന്വേഷിക്കും. തഹസീൽദാരുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്‌സ്പ്‌ളോസീവ്‌സ് ആക്‌ട് വകുപ്പ് 9 പ്രകാരമാണ് അന്വേഷണം. ഫോർട്ട്കൊച്ചി സബ് കളക്ടർ ഡോ.ഹാരിസ് റഷീദ് സംഭവസ്ഥലം സന്ദർശിച്ചിരുന്നു.

അനധികൃതമായും മതിയായ സുരക്ഷയില്ലാതെയും കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതിൽ ക്വാറി ഉടമസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. മഴയെത്തുടർന്ന് താലൂക്കാഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം ക്വാറിയുടെ പ്രവർത്തനം നിറുത്തിവച്ചിരിക്കുകയായിരുന്നു. ക്വാറിക്കാവശ്യമായ സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന മാഗസിൻ, മൂന്ന് കിലോമീറ്റർ അകലെയുള്ള കണിമംഗലത്താണ്. ലൈസൻസോടെയാണ് ക്വാറി പ്രവർത്തിച്ചിരുന്നത്. സ്‌ഫോടനം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചതായി റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.