കൊച്ചി : ഉദ്യോഗസ്ഥർ മാത്രമല്ല രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾ വരെ പ്രതിസ്ഥാനത്ത് നിൽക്കുന്ന ഗുരുതരമായ വീഴ്ചകളുടെ നേർക്കാഴ്ചയാണ് പാലാരിവട്ടം മേൽപ്പാലം. പതിറ്റാണ്ടുകൾ ജനങ്ങൾക്ക് പ്രയോജനപ്പെടേണ്ട പാലം വെറും മൂന്നു വർഷം കൊണ്ടാണ് തകർച്ചയിലേക്കും വിവാദങളിലേക്കും നീങ്ങിയത്.
തിരക്കേറിയ ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഇവിടെ ദേശീയപാത അതോറിറ്റി ഫ്ലൈഓവർ നിർമ്മിക്കണമെന്ന് പാർലമെന്റിലെ ഇരുസഭകളിലേയും കേരളത്തിൽ നിന്നുള്ള എം.പി.മാർ 2012 ലെ പാർലമെന്റ് സമ്മേളനത്തിൽ ആവശ്യപ്പെട്ടതോടെയാണ് പാലാരിവട്ടം മേൽപ്പാലം എന്ന ആശയത്തിന് ജീവൻ വയ്ക്കുന്നത്.
ദേശീയപാത വിഭാഗം ഫ്ലൈ ഓവറിനെക്കുറിച്ച് സാധ്യത പഠനം നടത്തി റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. കേന്ദ്ര സർക്കാരിൽ നിന്ന് തീരുമാാനം വരാനിരിക്കെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പാലം പണി സംസ്ഥാന സർക്കാർ ഏറ്റെടുക്കുവാൻ തയ്യാറാണെന്ന് കാണിച്ച് കത്തു നൽകി. കൊച്ചി നഗരസഭ ജനോറം പദ്ധതിയിൽ നിർമ്മാണം ഏറ്റെടുക്കുവാൻ താൽപ്പര്യം കാട്ടിയെങ്കിലും അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് പാലം പണി പ്രഖ്യാപിക്കുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജ് ,കിറ്റ്കോ മാനേജർ ബെന്നി പോൾ , ആർ.ബി.ഡി.സി.കെ.അഡീഷണൽ ജനറൽ മാനേജർ എം.ടി.തങ്കച്ചൻ എന്നിവർ ചേർന്ന് കരാർ വ്യവസ്ഥകൾ തയ്യാറാക്കി.കരാറുകാർക്ക് മുൻകൂർ തുക നൽകില്ലെന്നായിരുന്നു ഒരു വ്യവസ്ഥ.
മറ്റാരും മുന്നോട്ട് വരാത്തതു കൊണ്ട് സുമിത് ഗോയലിന്റെ ആർ.ഡി.എസ് പ്രൊജക്ട്സിന് 38 കോടി രൂപയ്ക്ക് കരാർ നൽകി. ബംഗളൂരു ആസ്ഥാനമായ നാഗേഷ് കൺസൾട്ടൻസിക്കായിരുന്നു ഡിസൈൻ ചുമതല. രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കാനായിരുന്നു നിർദ്ദേശം. 2014 സെപ്തംബറിൽ നിർമ്മാണം തുടങ്ങി. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ നിർമ്മാണ കാലാവധി 18 മാസമായി ചുരുക്കി. അതോടെയാണ് പാലംപണിയിൽ അപാകതകൾ ഏറിയത്. 2016 ഒക്ടോബർ 16 ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലം നാടിന് സമർപ്പിച്ചു.