കുറുപ്പംപടി : മണ്ണൂർ-പോഞ്ഞാശേരി റോഡ് സൂപ്പറാകും. റോഡിന്റെ നവീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പള്ളി അറിയിച്ചു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള ജനങ്ങളുടെ ദുരിത യാത്ര കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. റോഡിന്റെ ശോച്യാവസ്ഥയിൽ ഉയർത്തി നിരവധി സമരങ്ങൾ നടന്നിരുന്നു.

അതേസമയം പദ്ധതിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് ഇന്ന് കിഫ്ബിയിൽ സമർപ്പിക്കും. കിഫ്ബി അംഗീകാരം ലഭിച്ചാൽ ഉടൻ സപ്ലിമെന്ററി കരാർ ഒപ്പുവച്ചു നിർമ്മാണം ആരംഭിക്കും. കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനമായത്.കഴിഞ്ഞ 18ന് തിരുവനന്തപുരത്ത് കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. കെ.എം എബ്രാഹമുമായി എം.എൽ.എ ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അവലോകന യോഗം ചേരാൻ തീരുമാനമായത്.എറണാകുളം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ കൂടി കടന്നുപോകുന്നതും നാല് മണ്ഡലങ്ങൾക്ക് പ്രയോജനകരമായ റോഡാണ് മണ്ണൂർ പോഞ്ഞാശ്ശേരി റോഡ്. വെങ്ങോല മുതൽ പോഞ്ഞാശേരി വരെയുള്ള 3.50 കിലോമീറ്റർ ദൂരം ആദ്യഘട്ട ടാറിംഗ് പൂർത്തികരിച്ചിരുന്നു. വെങ്ങോല മുതൽ മണ്ണൂർ വരെയുള്ള എട്ട് കിലോമീറ്റർ റോഡിന്റെ നവീകരണമാണ് അനന്തമായി നീണ്ടത്.

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് പദ്ധതി ഇത്രയും വൈകാൻ കാരണമായതെന്ന് എം.എൽ.എ യോഗത്തിൽ ആരോപിച്ചു.റോഡിലെ കുഴികൾ അടച്ചു സഞ്ചാരയോഗ്യമാക്കുന്നതിന് അനുവദിച്ച തുക പോലും പാഴാക്കിക്കളഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത് പോലും തെറ്റായ രീതിയിലാണ്. കിഫ്ബി നടത്തിയ ഡ്രോൺ സർവ്വേയും വകുപ്പ് നടത്തിയ ടോട്ടൽ സ്റ്റേഷൻ സർവേയും തമ്മിൽ യോജിക്കുന്നില്ല. പദ്ധതിയുടെ ലെവൽസ് എടുക്കുന്ന പ്രാഥമിക കാര്യം പോലും പൊതുമരാമത്ത് വകുപ്പ് പൂർത്തികരിച്ചിട്ടില്ലെന്ന് എംഎൽഎ ആരോപിച്ചു.