• ഫേസ്ബുക്കിൽ ചലഞ്ചുമയം
കോലഞ്ചേരി: നാടാകെ ലോക്ക് ഡൗണിലേക്ക് ചുരുങ്ങിയപ്പോൾ നാലു ചുവരുകൾക്കുള്ളിൽ വീർപ്പുമുട്ടാൻ തുടങ്ങിയ മനുഷ്യന്റെ മനസിക നില മറികടക്കാനായാണ് ഫേസ്ബുക്ക് ചലഞ്ചുകൾ കത്തിക്കയറിയത്.
സ്വയം പോസിറ്റീവ് ആവുക. ചുറ്റിലുള്ളവരെയും പോസിറ്റീവ് ആക്കുക. അതാണ് ആദ്യഘട്ടത്തിലെ സാരി ചലഞ്ച് കൊണ്ടുദ്ദേശിച്ചത്. നന്നായി ഒരുങ്ങി നല്ലൊരു സാരിയുടുത്ത് ഫോട്ടോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുക. സുഹൃത്തുക്കളെ ഈ ചലഞ്ചിനായി ടാഗ് ചെയ്യുക. സമാന രീതിയിലാണ് നിലവിലുള്ള ചലഞ്ചുകളും. കപ്പിൾ, ചിരി, ഡ്രൈവിംഗ്, കിച്ചൺ ചലഞ്ച് തുടങ്ങി തൊട്ടതിനും പിടിച്ചതിനും ചലഞ്ചു മയമാണ് ഇപ്പോൾ ഫേസ്ബുക്കിൽ.
പ്രമുഖർ പലരും ചലഞ്ചുകളുടെ ഭാഗമായിക്കഴിഞ്ഞു. പുരുഷന്മാർക്കിടയിൽ മുണ്ടുടുത്ത ചിത്രങ്ങൾ പങ്കുവെക്കുന്ന മുണ്ട് ചലഞ്ച് വൈറലാകുന്നതിന് മുമ്പ് തന്നെ സ്ത്രീകൾക്കിടയിൽ സാരിയുടുത്ത ചിത്രങ്ങൾ പങ്കുവെക്കുന്ന സാരി ചാലഞ്ച് നേരത്തെ വൈറലായിരുന്നു. ചലഞ്ചുകൾക്കെതിരെ മുന്നറിയിപ്പുമായി സൈബർ വിദഗ്ദ്ധരും രംഗത്തുണ്ട്. ചലഞ്ചിന്റെ ഭാഗമായി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ സൈബർ ലോകത്ത് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്.
വൈറസിനെതിരെ സുരക്ഷിതരമായി വീട്ടിലിരിക്കുന്ന സമയത്ത് സൈബർ ലോകത്തും സുരക്ഷിതരമാകണമെന്നാണ് ഇവർ പറയുന്നത്. ചലഞ്ചുകളിൽ നിന്ന് പിന്മാറുക ഇത് ജീവിത പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുനുള്ള ചതിയാണെന്ന രീതിയിലുള്ള കാമ്പയിനും ഇതോടൊപ്പം നടക്കുന്നുണ്ട്.